തിരുവനന്തപുരം: തെക്കു കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് ജനുവരി മൂന്ന് വരെ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിൽ മിതമായ ഇടത്തരം മഴ ലഭിക്കും. പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം തെക്കൻ അറബിക്കടലിൽ മദ്ധ്യഭാഗത്തായി ശക്തിപ്രാപിച്ച് ശക്തികൂടിയ ന്യൂനമർദ്ദമാവാൻ സാധ്യതയുണ്ട്.
കേരളാ തീരത്ത് ഇന്ന് 0.5 മുതൽ 01.3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. അതിനാൽ മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് നൽകി. തെക്കൻ തമിഴ്‌നാട് തീരത്ത് കടലാക്രമണ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷിതമായിരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലകളിലുള്ളവർ നിർദ്ദേശാനുസരണം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാനും മത്സ്യബന്ധന ബോട്ടുകൾ സുരക്ഷിതമായി സംരക്ഷിക്കാനും അറിയിച്ചിട്ടുണ്ട്.
കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 65 കിലോമീറ്റർ വരെ വേഗതയിലും തെക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 55 കിലോമീറ്റർ വേഗതയിലും കാറ്റ് വീശിയടിക്കാൻ സാധ്യതയുണ്ട്. ജനുവരി രണ്ട്, മൂന്ന് തീയതികളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പിൽ പറയുന്നു.