തിരുവനന്തപുരം: റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ ഭാഗമായി കൊച്ചുവേളി, നേമം സ്റ്റേഷനുകളുടെ പേര് മാറ്റുന്നു. കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ തിരുവനന്തപുരം നോർത്ത് എന്നും നേമം സ്‌റ്റേഷൻ തിരുവനന്തപുരം സൗത്തും എന്നും പേര് മാറ്റും. സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി.
നേമം, കൊച്ചുവേളി സ്റ്റേഷനുകളെ തിരുവനന്തപുരം റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ ടെർമിനലുകളാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. തിരുവനന്തപുരം സെൻട്രൽ കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെയാണ് ഉപഗ്രഹ ടെർമിനലുകൾ വികസിപ്പിക്കാൻ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് തിരുവനന്തപുരം റെയിൽവേ ഡിവിഷനൽ മാനേജർ ഈ മാസം സംസ്ഥാന സർക്കാരിന് കത്തു നൽകിയിരുന്നു. ഈ ആവശ്യം അംഗീകരിച്ചതായി കാണിച്ച് ഗതാഗത വകുപ്പ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഇന്നലെ കത്തയച്ചു.
ഉത്തരേന്ത്യയിൽ നിന്നുമുൾപ്പെടെയുള്ള നിരവധി യാത്രക്കാർ പലപ്പോഴും തിരുവനന്തപുരത്തേക്ക് ടിക്കറ്റ് കിട്ടാതെ വരുമ്പോൾ യാത്ര റദ്ദാക്കുകയാണ് പതിവ്. കൊച്ചുവേളി, നേമം എന്നീ റെയിൽവേ സ്റ്റേഷനെ കുറിച്ചുള്ള അറിവില്ലായ്മയാണ് അതിന് പ്രധാന കാരണം. അതുകൊണ്ട് തന്നെ തിരുവനന്തപുരം നോർത്ത്, സൗത്ത് എന്നിങ്ങനെ പേര് മാറ്റുമ്പോൾ ടിക്കറ്റ് ബുക്കിങ്ങിനുള്ള സാധ്യത വർദ്ധിക്കും.