തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓരോ വരവും കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എംടി രമേശ്. ജനുവരി രണ്ടിന് തൃശൂരിലെത്തുന്ന പ്രധാനമന്ത്രി കേരളത്തിൽ ചരിത്രപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് തൃശൂരിലെ മഹിളാ സമ്മേളന നഗരി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എംടി രമേശ്.
പ്രധാനമന്ത്രിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്. വനിതാ സംവരണ ബിൽ പാസാക്കിയ ശേഷം കേരളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖ വനിതകൾ സമ്മേളനത്തിൽ പങ്കെടുക്കും. രണ്ട് ലക്ഷം വനിതകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അനുമോദനങ്ങൾ അർപ്പിച്ചുകൊണ്ട് സമ്മേളനത്തിലെത്തുന്നത്.
ജനിവരി മൂന്നിന് ഉച്ച കഴിഞ്ഞ് ജില്ലാ ആശുപത്രിയുടെ മുന്നിൽ നിന്നും പ്രധാനമന്ത്രിയുടെ റോഡ് ഷോ ആരംഭിക്കും. നടുവിലാൽ, നായ്‌ക്കനാൽ വഴി ക്ഷേത്ര മൈത്താനിയിലേക്ക് പ്രവേശിക്കുമെന്നും എംടി രമേശ് പറഞ്ഞു.
ജനുവരി മൂന്നിനാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. ബിജെപിയും മഹിളാ മോർച്ചയും ചേർന്ന് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി വടക്കുംനാഥന്റെ മണ്ണിലെത്തുന്നത്. തേക്കിൻകാട് മൈതാനത്ത് സംഘടിപ്പിക്കുന്ന മഹിളാ സമ്മേളനത്തിൽ രണ്ട് ലക്ഷം വനിതകൾ അണിനിരക്കും.