മലപ്പുറം: പുതുവത്സരാഘോഷ ദിനത്തിൽ രാത്രി എട്ട് മണിക്ക് കൂൾബാറുകളും ഹോട്ടലുകളും അടയ്‌ക്കണമെന്ന വിവാദ ഉത്തരവിന് പിന്നാലെ വിശദീകരണവുമായി അരീക്കോട് പോലീസ് രംഗത്ത്. ഉത്തരവിൽ സമയം തെറ്റി പോയതാണെന്നും 10 മണിയാണ് ഉദ്ദേശിച്ചതെന്നും അരീക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അരീക്കോട് പോലീസ് ഉത്തരവിറക്കിയത്. പുതുവത്സര തലേന്ന് രാത്രി എട്ട് മണിക്ക് ഹോട്ടലുകളും കൂൾബാറുകളും അടയ്‌ക്കണമെന്നും റിസോർട്ടുകളിൽ ഡിജെ പാടില്ലെന്നും ആറ് മണിക്ക് ശേഷം റിസോർട്ടിൽ ആളുകളെ കയറ്റരുതെന്നും ഉത്തരവിൽ പറയുന്നു.
ഉത്തരവ് വലിയ വിവാദമായിരുന്നു. വ്യാപാരികളുടെ സംഘടനകളടക്കം പോലീസിനെതിരെ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് വിവാദ ഉത്തരവിൽ പ്രതികരണവുമായി അരീക്കോട് പോലീസ് രംഗത്തെത്തിയത്. ഉത്തരവിൽ പറഞ്ഞ സമയം തെറ്റാണെന്നും രാത്രി 10 മണിക്ക് ശേഷമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതെന്നും അരീക്കോട് പോലീസ് വ്യക്തമാക്കി.