മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ യുവനായികയാണ് കല്യാണി പ്രിയദർശൻ. തൊടുന്നതെല്ലാം പൊന്നാക്കി മാറ്റിയ നായികയ്‌ക്ക് തെന്നിന്ത്യൻ സിനിമാ ലോകത്ത് നിരവധി ആരാധകരുമുണ്ട്. ആന്റണി, ശേഷം മൈക്കിൽ ഫാത്തിമ തുടങ്ങിയവയാണ് ഈ വർഷം കല്യാണിയുടേതായി പുറത്തുവന്ന ചിത്രങ്ങൾ. ആന്റണി എന്ന ചിത്രത്തിൽ കല്യാണി വളരെ ശ്രദ്ധേയമായൊരു വേഷം തന്നെയാണ് കൈകാര്യം ചെയതത്.
ഇപ്പോഴിതാ തന്റെ ആരാധകർക്ക് ന്യൂ ഇയർ ആശംസകളുമായി എത്തിയിരിക്കുകയാണ് കല്യാണി. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി ആശംസകൾ അറിയിച്ചത്. ഒപ്പം കുറച്ച് ഓർമ്മ ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചിട്ടുണ്ട്.
ഞാൻ അനുഭവിച്ചതിൽ വച്ച് ഏറ്റവും വികാരനിർഭരമായ ഡിസംബറാണ് കടന്നുപോയത്. എന്റെ ഏറ്റവും പുതിയ ചിത്രമായ ആന്റണി കാണുകയും എന്നോട് സ്‌നേഹം പങ്കുവയ്‌ക്കുകയും ചെയ്ത എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് സന്ദേശങ്ങൾ അയക്കുകയും എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്ന ആരാധകർക്കും നന്ദി. നിങ്ങൾ ഓരോരുത്തരും തന്ന കരുതൽ ഒരുപാട് വലുതാണ്.
View this post on Instagram
വരാൻ പോകുന്ന വർഷത്തെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായമായാണ് ഞാൻ കാണുന്നത്. അതുകൊണ്ടുതന്നെ ഞാൻ വളരെ ആവേശത്തിലുമാണ്. നിങ്ങൾക്ക് അഭിമാനമാകും വിധമായിരിക്കും അടുത്ത വർഷത്തെ എന്റെ ഒരോ ചുവടുവെയ്പ്പും. 2024 എല്ലാവർക്കും വളരെ മനോഹരമായ വർഷമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാവർക്കും എന്റെ പുതുവത്സരാശംസകൾ. എന്നായിരുന്നു കല്യാണിയുടെ കുറിപ്പ്.
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിലാണ് കല്യാണി അവസാനമായി അഭിനയിച്ചത്. ചിത്രത്തിന്റെ ഇടവേള സമയത്ത് പ്രണവ് മോഹൻലാലിനൊപ്പം ടേബിൾ ടെന്നീസ് കളിക്കുന്ന വീഡിയോ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
ഒപ്പം ചിത്രീകരണത്തിനിടെയുള്ള വിനീത് ശ്രീനിവാസന്റെ ഒരു രസകരമായ വീഡിയോയുമുണ്ട്. ഒപ്പം ക്യാംഫയറിൽ നടൻ ബേസിലും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും ചേർന്ന് പാട്ടുപാടുന്ന വീഡിയോയും കല്യാണി പങ്കുവച്ചിട്ടുണ്ട്. കൂടാതെ തന്റെ കൂട്ടുക്കാർക്കും പ്രിയപ്പെട്ട വളർത്തുനായയ്‌ക്കുമൊപ്പമുള്ള ചിത്രങ്ങളും കല്യാണി പങ്കുവച്ചിട്ടുണ്ട്.