ലക്‌നൗ: ചൗധരി ചരൺ സിംഗ് ഇന്റർനാഷണൽ എയർപോർട്ടിൽ രണ്ട് പേരിൽ നിന്നായി നാല് കിലോഗ്രാം സ്വർണം കണ്ടെടുത്ത് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഇന്ന് രാവിലെയെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. 2.55 കോടി രൂപയോളം വിലമതിക്കുന്ന സ്വർണമാണ് പിടിച്ചെടുത്തത്.
കോഫി മെഷീനിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആദ്യ സംഭവത്തിൽ സ്വർണം കണ്ടെത്തിയത്. സ്‌കാനിംഗിൽ മെഷീന് കൂടുതൽ ഭാരം തോന്നിയതോടെ കുടുതൽ പരിശോധനയ്‌ക്ക് വിധേയമാക്കുകയായിരുന്നു. പരിശോധനയിൽ സിലിണ്ടറിന്റെ രൂപത്തിൽ വെൽഡ് ചെയ്ത് പിടിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു. ഇയാൾ ദുബായിയിൽ നിന്നെത്തിയ യാത്രക്കാരനാണ്.
മറ്റൊരു സംഭവത്തിൽ ക്യാപ്‌സ്യൂൾ രൂപത്തിൽ യാത്രക്കാരന്റെ ശരീരത്തിൽ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. 554 ഗ്രാം സ്വർണമാണ് യാത്രക്കാരന്റെ പക്കൽ നിന്നും കണ്ടെത്തിയത്.















