തിര എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നടനാണ് ധ്യാൻ. നിരവധി സിനിമകളിലൂടെ ആരാധകരുടെ പ്രിയപ്പെട്ട താരമായി ഇതിനോടകം ധ്യാൻ മാറിക്കഴിഞ്ഞു. അതുപോലെ തന്നെ താരത്തിന്റെ അഭിമുഖങ്ങൾക്കും ആരാധകരേറെയാണ്. അത്തരത്തിൽ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ചീനാ ട്രോഫിയുടെ പ്രമോഷൻ വേളയിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
വർഷങ്ങൾക്ക് ശേഷം എന്ന ചിത്രത്തിന്റെ വിശേഷങ്ങളും പ്രണവിനൊപ്പം അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളെക്കുറിച്ചും പറയുമോ എന്നായിരുന്നു അഭിമുഖത്തിൽ ചോദിച്ചത്. എന്നാൽ സിനിമയുടെ വിശേഷങ്ങളെ പറ്റി ഇപ്പോഴൊന്നും പറയില്ല, ചീന ട്രോഫി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് താൻ എത്തിയത്. അതിനെപ്പറ്റി ചോദിക്കൂ എന്നായിരുന്നു ധ്യാനിന്റെ മറുപടി. എന്നാൽ മാദ്ധ്യമപ്രവർത്തകർ വീണ്ടും ചോദിച്ചതോടെ ധ്യാൻ ലളിതമായി മറുപടി പറയുകയായിരുന്നു.
‘അടുത്ത വിഷുവിനാണ് സിനിമ റിലീസ് ചെയ്യുന്നത്. നാല് മാസം കഴിഞ്ഞ് ഇറങ്ങുന്ന സിനിമയുടെ വീശേഷം ഞാൻ ഇപ്പോൾ പറഞ്ഞിട്ട് എന്ത് കാര്യം. ഇതേ ഉത്തരമല്ലേ ഞാൻ അപ്പോഴും പറയേണ്ടത്. അതുകൊണ്ട് ആ സിനിമയുടെ കഥകൾ ഞാൻ അന്ന് പറയാം. ഒരു കഥയെഴുതാനുള്ള സാധനങ്ങളുമായി ഞാൻ വരുന്നുണ്ട്.
പ്രണവിനൊപ്പമുള്ള വിശേഷങ്ങളും ഒരുപാടുണ്ട്. അവനൊപ്പം ഇരുന്ന് ഞാൻ പ്രണവിന്റെ കുറേ കഥകൾ അറിഞ്ഞു. അതുകൊണ്ട് പ്രണവ് ഇപ്പോൾ എന്നോട് അധികം മിണ്ടാറില്ല, എന്നെ പ്രണവിന് പേടിയാണ്. പ്രണവിന്റെ എല്ലാകഥകളും ഞാൻ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട് എന്നും ധ്യാൻ ശ്രീനിവാസൻ പറഞ്ഞു’.