പുതുവത്സരത്തെ വരവേറ്റ് ലോകം. 2024നെ ഏറ്റവും ആദ്യം സ്വീകരിച്ചത് പസഫിക് രാജ്യമായ കിരിബാത്തി ആയിരുന്നു. 33 ചെറുദ്വീപുകളടങ്ങിയ മേഖലയാണിത്. കിരിബാസ് എന്നാണ് ഈ പസഫിക് രാജ്യം വിളിക്കപ്പെടുന്നത്. രണ്ടാമതായി പുതുവത്സരത്തെ വരവേറ്റത് ന്യൂസിലാൻഡിലെ ഓക്‌ലൻഡായിരുന്നു. ഇതിന് ശേഷം ഓസ്‌ട്രേലിയയും പുതിയ വർഷത്തിലേക്ക് കടന്നു. ഇന്ത്യൻ സമയം രാവിലെ പത്തരയോടെയാണ് അമേരിക്ക 2024ലേക്ക് പ്രവേശിക്കുക. ഏറ്റവുമൊടുവിൽ നവവത്സരത്തെ വരവേൽക്കുന്നത് അമേരിക്കയിലെ ചില മനുഷ്യവാസമില്ലാത്ത ദ്വീപുകളാണ്.
ഇന്ത്യയിലെ പ്രധാന നഗരങ്ങളായ കൊച്ചി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിൽ വമ്പൻ ന്യൂയർ ആഘോഷങ്ങളായിരുന്നു. കേരളത്തിൽ പ്രധാനമായും കൊച്ചിയിലാണ് ആഘോഷങ്ങൾ അരങ്ങേറിയത്. തിരുവനന്തപുരത്തെ ആഘോഷങ്ങളും ചെറുതായിരുന്നില്ല. രാത്രി മുഴുവൻ പാട്ടും നൃത്തവുമായി ജനങ്ങൾ ആഘോഷിച്ചു. കനകക്കുന്നിലും മാനവീയം വീഥിയിലും നഗരത്തിലെ മറ്റ് പരിസരങ്ങളിലും യുവാക്കളും കുടുംബങ്ങളുമെല്ലാം പുതുവത്സരത്തെ വരവേൽക്കാൻ എത്തിയിരുന്നു. കൊച്ചിയിൽ പാപ്പാഞ്ഞിയെ കത്തിച്ച് ജനങ്ങൾ ന്യൂയർ ആഘോഷിച്ചു. സംസ്ഥാനത്തെ ഒട്ടുമിക്ക നഗരങ്ങളിലും ബീച്ചുകളിലും കേന്ദ്രീകരിച്ച് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കനത്ത പോലീസ് നിയന്ത്രണങ്ങളോടെയായിരുന്നു നാടെങ്ങും ആഘോഷം.