ഡൈനാമിക് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറുടെ അവസാന ഏകദിന മത്സരം ലോകകപ്പ് ഫൈനലായിരുന്നു… അവസാന ടെസ്റ്റ് പരമ്പര കളിക്കുന്ന താരം ഇന്നാണ് ഏകദിനവും മതിയാക്കുന്നുവെന്ന് പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് വാർത്ത ആരാധകർ കേട്ടത്. 37-കാരനായ വാർണർ 2025-ൽ പാകിസ്താനിൽ നടക്കുന്ന ചാമ്പ്യൻസ് ട്രോഫിയിൽ കളിക്കാനുള്ള സാദ്ധ്യത തുറന്നിട്ടാണ് വിരമിക്കൽ പ്രഖ്യാപിച്ചത്.
2009 ഏകദിന ലോകപ്പിൽ അരങ്ങേറിയ താരം 2015, 2023 ലോകകപ്പുകളിൽ ടീമിന്റെ ഭാഗമായിരുന്നു. 161 മത്സരങ്ങളിൽ നിന്ന് 6,932 റൺസ് നേടിയ താരത്തിന്റെ ആവറേജ് 45.30 ആണ്. 22 സെഞ്ച്വറികളാണ് വാർണറുടെ അക്കൗണ്ടിലുള്ളത്.35 അർദ്ധ സെഞ്ച്വറികളും താരത്തിന്റെ ബാറ്റിൽ നിന്നു പിറന്നു. ഓസ്‌ട്രേലിയൻ റൺവേട്ടക്കാരുടെ പട്ടികയിൽ ആറാമനായാണ് ഏകദിനം മതിയാക്കുന്നത്.
അതേസമയം ടി20 ഫോർമാറ്റിൽ താരം മഞ്ഞക്കുപ്പായത്തിൽ ഇനിയും കളിക്കും. ഇന്ത്യയിലെ നടന്ന ലോകപ്പ് കിരീട നേട്ടത്തിൽ പങ്കാളിയാകാൻ കഴിഞ്ഞത് വലിയൊരു നേട്ടമാണെന്നും കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടിയാണ് താരം വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ട് സെഞ്ച്വറികളും ഒരു അർദ്ധ സെഞ്ച്വറിയുമടക്കം 11 മത്സരങ്ങളിൽ നിന്ന് 535 റൺസാണ് ഇന്ത്യയിൽ നടന്ന ലോകകപ്പിൽ വാർണർ നേടിയത്.
2017ശേഷം ചാമ്പ്യൻസ് ട്രോഫി നടന്നിട്ടില്ല. 2025-ൽ പാകിസ്താനിൽ നടക്കുന്ന ടൂർണമെന്റ് ടി20യാക്കി നടത്തുമെന്നാണ് സൂചന. ഇതാണ് വാർണർ ചാമ്പ്യൻസ് ട്രോഫി കളിക്കാൻ താത്പ്പര്യം പ്രകടിപ്പിച്ചതിന് പിന്നിൽ. ടീമിന് ആവശ്യമെങ്കിൽ ഞാൻ കളിക്കാൻ ഉണ്ടാകുമെന്നാണ് വാർണർ വ്യക്തമാക്കിയത്.