കോഴിക്കോട്: കൊയിലാണ്ടിയിൽ മക്കൾക്ക് വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ച കേസിൽ പിതാവിനെ അറസ്റ്റ് ചെയ്തു. വിഷം ഉള്ളിൽച്ചെന്ന നിലയിൽ മൂന്നും രണ്ടും വയസുള്ള കുട്ടികളെ പോലീസും നാട്ടുകാരും ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കുട്ടികൾ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇയാളുടെ ഭാര്യ പിണങ്ങി മറ്റൊരാളോടൊപ്പം പോയിരുന്നു. ഇതേതുടർന്ന് കുട്ടികൾ ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പിതാവ് വന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. സംശയം തോന്നിയ ബന്ധുക്കൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ വീട്ടിൽ നിന്നും കുട്ടികളെ അവശനിലയിൽ കണ്ടെത്തിയത്. കുട്ടികളെ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് അമ്മയുടെയും സുഹൃത്തിന്റെയും പേരിൽ കേസ് എടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.















