ഇസ്ലാമബാദ്: പുതുവർഷ ദിനത്തിൽ വിദ്വേഷ പ്രസ്താവനയുമായി പാക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കുമെന്നായിരുന്നു സൈനിക മേധാവിയുടെ പരാമർശം.
പുതുവർഷത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവന.
ജമ്മുകശ്മീരിലെ ജനങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. ഇന്ത്യക്കാർ അനധികൃതമായി കൈവശപ്പെടുത്തിയ ജമ്മുകശ്മീരിനെ സ്വേച്ഛാധിപത്യ ഭരണത്തിൽ നിന്ന് മോചിപ്പിക്കും. 2023 ഞങ്ങൾക്ക് വളരെ വെല്ലുവിളി നിറഞ്ഞ വർഷമായിരുന്നു. അത് ഇപ്പോൾ അവസാനിച്ചു. പാകിസ്താനെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന തരത്തിലായിരുന്നു അസിം മുനീറിന്റെ വാക്കുകൾ.
പുതുവർഷവുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും പാക് ആക്ടിംഗ് പ്രധാനമന്ത്രി അൻവർ-ഉൽ-ഹഖ് കക്കർ നിരോധിച്ചിരുന്നു. ഹമാസിനോടുള്ള ഐക്യദാർഢ്യമായാണ് ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്.
ദിവസങ്ങൾക്ക് മുൻപ് തെഹ്രീക്-ഇ-താലിബാൻ പാകിസ്താനെ തുരത്താൻ സഹായം അഭ്യർത്ഥിച്ച് പാക് സൈനിക മേധാവി അമേരിക്ക സന്ദർശിച്ചിരുന്നു. എന്നാൽ അമേരിക്ക സഹായം നൽകില്ലെന്ന് തീർത്ത് പറഞ്ഞതോടെ സൈനിക മേധാവിക്ക് വെറും കൈയോടെ മടങ്ങേണ്ടി വന്നു.















