തൃശൂർ : കേരളാ കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വെള്ളാനിക്കരകാർഷിക കോളേജിൽ പിജി / പി എച്ച് ഡി അഡ്മിഷന് എത്തിയ വിദ്യാർത്ഥികൾ ദുരിതത്തിൽ. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് നടത്തിയ അഖിലേന്ത്യാ മത്സര പരീക്ഷ മുഖാന്തരം അഡ്മിഷൻ കരസ്ഥമാക്കിയ പി ജി – പി എച്ച് ഡി വിദ്യാർത്ഥി – വിദ്യാർത്ഥിനികളാണ് താമസിക്കാനിടം പോലും ലഭിക്കാതെ അലയുന്നത്.
ഡിസംബർ 27 നായിരുന്നു ഇവരുടെ അഡ്മിഷൻ. അന്നേ ദിവസം വൈകുന്നേരം 7 .30 വരെ താമസിക്കാൻ സൗകര്യത്തിനു വേണ്ടി അവർ ഹോസ്റ്റലുകളിൽ അലഞ്ഞു.
അഡ്മിഷൻ ലഭിച്ചവരിൽ ഏറെയും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥിനികളാണ്. അഡ്മിഷൻ ദിവസം ഇവർക്കായി ഹോസ്റ്റൽ സൗകര്യങ്ങളോ ഭക്ഷണമോ ലഭ്യമല്ലായിരുന്നു. ഇവയൊന്നും കോർഡിനേറ്റ് ചെയ്യാനോ, അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരെ ഏതെങ്കിലും രീതിയിൽ സഹായിക്കാനോ അവിടെ ആരും ഉണ്ടായിരുന്നില്ല. രക്ഷാകര്ത്താക്കളും വിദ്യാർത്ഥിനികളും കൂടി താമസസ്ഥലം തേടി കോളേജിനുള്ളിലും പുറത്തും അലഞ്ഞു തിരിയുകയായിരുന്നു. കോളേജിനുള്ളിലെ ക്യാന്റീനുകളിൽ അധിക ഭക്ഷണം ഏർപ്പാടാക്കിയിട്ടില്ലാത്തതും വിദ്യാർത്ഥികളെയും രക്ഷിതാക്കളെയെയും ബുദ്ധിമുട്ടിലാക്കി.
പെൺകുട്ടികൾ കൂടുതലുള്ള സർവകലാശാലയിൽ താമസ സൗകര്യം വളരെ കുറവാണ് . മറ്റു സംസ്ഥാനങ്ങളിൽനിന്നും വരുന്ന വിദ്യാർത്ഥികൾക്ക് സൗകര്യങ്ങൾ ഏർപ്പെടുത്താൻ അധികാരികൾ ശ്രമിക്കുന്നില്ല. ഹോസ്റ്റൽ സൗകര്യം ഇല്ലാത്തതു കൊണ്ട് വിദ്യാർത്ഥിനികളെ ഗസ്റ്റ് ഹൗസുകളിലാണ് ഇപ്പോൾ താൽകാലികമായി താമസിപ്പിച്ചിരിക്കുന്നത്. ഈ ഗസ്റ്റ് ഹൗസിൽ ഭക്ഷണം ലഭിക്കാനുളള സൗകര്യമില്ല. ഗസ്റ്റ് ഹൗസ് ഒറ്റപ്പെട്ട സ്ഥലത്തണ് താനും. അതിനുള്ളിൽ നിന്ന് പുറത്തിറങ്ങി ഭക്ഷണം കഴിച്ചു വരാനുള്ള ബുദ്ധിമുട്ടിലാണ് പുതിയ വിദ്യാർത്ഥികൾ.
എല്ലാ വർഷവും സീറ്റുകളുടെയും, കോഴ്സുകളുടെയെയും എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ട് . ഇതനുസരിച്ചുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുവാൻ അധികാരികൾ ശ്രമിക്കുന്നില്ല എന്ന ആക്ഷേപം ഈ കോളേജിനെക്കുറിച്ച് കാലങ്ങളായി ഉണ്ട്.















