കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ ഉൾപ്പെടെ എട്ട് പേർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 143, 147, 285 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ഇന്നലെ വൈകിട്ട് പയ്യാമ്പലം ബീച്ചിലാണ് പാപ്പാഞ്ഞിയുടെ മാതൃകയിലുള്ള ഗവർണറുടെ കോലം പ്രവർത്തകർ കത്തിച്ചത്. എസ്എഫ്‌ഐയെയും എസ്എഫ്‌ഐയുടെ സമരങ്ങളെയും ഗവർണർ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.
എസ്എഫ്‌ഐ പ്രവർത്തകർ ഇനിയും തന്റെ വാഹനം തടഞ്ഞാൽ പുറത്തിറങ്ങുമെന്നും കാറിനെ ആക്രമിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഗവർണർ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് സംരക്ഷിക്കുകയാണെന്നും സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് പോലീസാണെന്നും ഗവർണർ ആരോപിച്ചു. ഡൽഹിയിൽ നിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തിയ ഗവർണറെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും കരിങ്കൊടി കാണിച്ച പശ്ചാതലത്തിലാണ് പരാമർശം.