ഗുവാഹത്തി: അസമിലെ ജനങ്ങളെ സുരക്ഷിതരാക്കാനാണ് മുൻ വിഘടനവാദി സംഘടനയായ ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ത്രികക്ഷി കരാറിൽ ഏർപ്പെട്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ.
പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് ത്രികക്ഷി കരാർ യാഥാർത്ഥ്യമാക്കാൻ കാരണം. അതിന് അവരോടുള്ള നന്ദി പറഞ്ഞാൽ മതിയാവില്ല. അസമിനും വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും വിഘടനവാദി സംഘടനകൾ കാരണം സമാധാനം നഷ്ടപ്പെട്ടിരുന്നു. ഉൾഫയുടെ ആക്രമണം മൂലം നിരവധി പേരാണ് മരണപ്പെട്ടത്. ത്രികക്ഷി സമാധാന കരാറിലൂടെ അസമിലെ ജനങ്ങളുടെ ജീവിതത്തിന് സുരക്ഷ ലഭിച്ചെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ സംസ്ഥാനത്ത് എൻഡിഎ സർക്കാർ കർശനമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദി സർക്കാരിന് കീഴിൽ വിഘടനവാദികളുമായി ഇതുവരെ 11 സമാധാന കരാറുകളിലാണ് ഒപ്പുവച്ചത്. ഇതിൽ 2023-ലെ രണ്ട് കരാറുകളും ഉൾപ്പെടുന്നുണ്ട്. ഭീകരവാദത്തിന്റെയും വിഘടനവാദത്തിന്റെയും കാലം അവസാനിച്ചെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഉപേക്ഷിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് 3,842 വിഘടനവാദ സംഘടനകൾ കടന്നുവന്നെന്നും അദ്ദേഹം പറഞ്ഞു.















