മുംബൈ: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിയെ മറികടന്ന് പ്യുബിറ്റി അത്ലറ്റ് ഓഫ് ദി ഇയർ പുരസ്‌കാരത്തിന് അർഹനായി ഇന്ത്യയുടെ സ്റ്റാർ ബാറ്റർ വിരാട് കോലി. ഓൺലൈൻ വോട്ടിംഗിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാരത്തിനായി താരത്തെ തിരഞ്ഞെടുത്തത്. മെസിക്കും വിരാടിനും പുറമേ ക്രിസ്റ്റ്യാനോ റൊണാൾഡോ, നൊവാക് ജോകോവിച്ച്, പാറ്റ് കമ്മിൻസ്, ലെബ്രോൺ ജെയിംസ്, എർലിംഗ് ഹാലണ്ട് ഉൾപ്പടെ 16 താരങ്ങളെയാണ് പ്യുബിറ്റി പുരസ്‌കാരത്തിനായി പരിഗണിച്ചിരുന്നത്. അവസാന റൗണ്ട് പോരാട്ടത്തിൽ കളത്തിലുണ്ടായിരുന്നത് വിരാടും മെസിയുമായിരുന്നു. എന്നാൽ ഫുട്‌ബോൾ ഇതിഹാസത്തെ അഞ്ച് ലക്ഷം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കിംഗ് കോലി പുരസ്‌കാരത്തിന് അർഹനായത്.
2023-ൽ മികച്ച പ്രകടനമാണ് വിരാട് കോലി കാഴ്ചവച്ചത്. ഏകദിന ലോകകപ്പിന്റെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് വിരാട് കോലിയെയാണ്. ടൂർണമെന്റിലെ റൺവേട്ടക്കാരിൽ 765 റൺസുമായി ഒന്നാമതായിരുന്ന താരം ഒരു വിക്കറ്റും സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന നേട്ടവും ലോകകപ്പിൽ വിരാട് മറികടന്നിരുന്നു. 2023 നവംബർ 15ന് വാങ്കഡെ സ്റ്റേഡിയത്തിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിലാണ് വിരാട് ഏകദിനത്തിലെ തന്റെ 50-ാം സെഞ്ച്വറി നേടിയത്. ലോകകപ്പിൽ 66.06 ശരാശരിയിൽ 35 മത്സരങ്ങളിൽ നിന്ന് ഇതുവരെ 2048 റൺസാണ് കോലി അടിച്ചെടുത്തിരിക്കുന്നത്.