തിരുവനന്തപുരം: ഖരമാലിന്യ സംസ്‌കരണത്തിന് ഗോവ മാത്യക പിന്തുടരാൻ സംസ്ഥാനത്തിന് നിർദ്ദേശം. ദേശീയ ഹരിത ട്രൈബ്യൂണലാണ് നിർദ്ദേഷം നൽകിയിരിക്കുന്നത്. ഇതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിയോഗിച്ച സംഘം ഗോവ സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്.
2018 മുതൽ നദികളിൽ മാലിന്യം കുറയ്‌ക്കുന്നതു സംബന്ധിച്ച കേസ് ഹരിത ട്രൈബ്യൂണലിൽ നടക്കുകയാണ്. കേസിൽ ഖരമാലിന്യ പ്ലാന്റുകൾ നിർമ്മിക്കാൻ സ്ഥലലഭ്യതയുണ്ടെന്ന് കേരളം അറിയിച്ചിരുന്നു. തുടർന്നാണ് ഹരിത ട്രൈബ്യണൽ ഗോവ മാതൃക പിന്തുടരാൻ നിർദ്ദേശിച്ചത്.
മാലിന്യകൂമ്പാരങ്ങൾ ഇല്ലാതാക്കി സ്ഥലങ്ങൾ വീണ്ടെടുക്കുന്ന പദ്ധതികളാണ് ഗോവ നടപ്പിലാക്കിയത്. ഗോവയിൽ പ്രദേശങ്ങളെ മൂന്ന് മേഖലകളാക്കി തരംതിരിച്ച് വീടുകൾ, സ്‌കൂൾ, തദ്ദേശ സ്ഥാപനങ്ങൾ എന്നിവയിൽ നിന്നുള്ളതും ദേശീയപാതകളിൽ നിന്നുമുള്ളതുമായ മാലിന്യങ്ങൾ ശേഖരിക്കും. തുടർന്ന് ഇവ ശാസ്ത്രീയമായി പ്ലാന്റുകളിൽ സംസ്‌കരിച്ച് വാതക ഇന്ധനമാക്കി വൈദ്യുതി ഉൽപാദനം നടത്തുകയും ചെയ്യുന്നുണ്ട്. 2016-ൽ ഗോവ വേസ്റ്റ് മാനേജ്‌മെന്റ് കോർപറേഷനാണ് പദ്ധതികൾ ആരംഭിച്ചത്.















