ബോളിവുഡ് താര സുന്ദരി സണ്ണി ലിയോൺ ആദ്യമായി അഭിനയിക്കുന്ന മലയാളം വെബ് സീരിസാണ് ‘പാൻ ഇന്ത്യൻ സുന്ദരി’. പ്രഖ്യാപനം മുതൽ ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന്റെ അപ്ഡേഷനായി കാത്തിരിക്കുകയായിരുന്നു സണ്ണി ആരാധകർ. ഹൈ റിച്ച് ഗ്രൂപ്പിന്റെ എച്ച് ആർ ഒടിടിയിലൂടെ പ്രദർശനത്തിനെത്തുന്ന സീരിസിന്റെ ആദ്യ ടീസർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. എച്ച്ആർ പ്രൊഡക്ഷ്സിന്റെ ബാനറിൽ ശ്രീന പ്രതാപൻ നിർമ്മിക്കുന്ന സീരീസിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത് സതീഷാണ്.
ശരപഞ്ജരത്തിൽ നടൻ ജയൻ കുതിരയെ തടവുമ്പോൾ ഷീല നോക്കി നിൽക്കുന്ന രംഗം പുനരാവിഷ്കരിച്ചിരിക്കുകയാണ് റിലീസ് ചെയ്ത ടീസറിൽ. ഷീലയായി സണ്ണി ലിയോൺ എത്തുമ്പോൾ ജയന്റെ രംഗം അഭിനയിച്ചിരിക്കുന്നത് ഭീമൻ രഘുവാണ്. ടീസർ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങളാണ് ടീസറിന് ലഭിക്കുന്നത്. പ്രിൻസി ഡെന്നിയും ലെനിൻ ജോണിയും ചേർന്നാണ് ‘പാൻ ഇന്ത്യൻ സുന്ദരി’യുടെ തിരക്കഥ എഴുതിയിരിക്കുന്നത്.
അപ്പാനി ശരത്തും മാളവികയുമാണ് സീരിസിലെ നായിക-നായകന്മാർ. ഇവരെ കൂടാതെ മണിക്കുട്ടൻ, ജോണി ആന്റണി, ജോൺ വിജയ്, ഭീമൻ രഘു, സജിത മഠത്തിൽ, കോട്ടയം രമേശ് ,അസീസ് നെടുമങ്ങാട്, ഹരീഷ് കണാരൻ, നോബി മർക്കോസ് തുടങ്ങി വലിയ താരനിര തന്നെ ‘പാൻ ഇന്ത്യൻ സുന്ദരി’യിൽ അണിനിരക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി എച്ച് ആർ ഒടിടിയിലൂടെ സീരിസ് റിലീസ് ചെയ്യും.