തിരുവനന്തപുരം: ഭാരതകേസരി മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിനെ അപമാനിച്ച് മാക്സിസ്റ്റ് സൈബർ അണികൾ. മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് മന്നത്തപ്പനെ അപമാനിക്കുന്ന കമെന്റുകളുമായി സൈബർ ഗുണ്ടകൾ അഴിഞ്ഞാടുന്നത്.

മന്നത്തു പദ്മനാഭന്റെ ജയന്തി ദിനത്തിൽ തീരെ അപ്രധാനമായ പരാമർശത്തോടെയാണ് മുഖ്യമന്ത്രി അദ്ദേഹത്തെ അനുസ്‌മരിച്ചത്.
“മന്നം ജയന്തിയാണിന്ന്. കേരളത്തിൽ നിലനിന്ന സാമൂഹിക അനാചാരങ്ങൾക്കെതിരെ പോരാടിയ നവോത്ഥാന നായകനായ മന്നത്ത് പത്മനാഭൻ എൻഎസ്എസിന്റെ സ്ഥാപകനേതാവ് കൂടിയാണ്.” എന്ന് തുടങ്ങുന്ന അനുസ്മരണ പോസ്റ്റിൽ ഏതാനും വരികൾ മാത്രമേയുള്ളൂ.

ആ ഫേസ്‌ബുക്ക് പോസ്റ്റിന്റെ താഴെയാണ് മന്നത്തു പദ്മനാഭനെ അവഹേളിച്ചു കൊണ്ട് സൈബർ ഗുണ്ടകളുടെ വിളയാട്ടം. അതിനോടൊപ്പം സിപിഎം എന്ന് ഭാവിച്ചു കൊണ്ട് മത തീവ്രവാദ ആശയമുള്ളവരും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ വംശീയ വെറി നിറഞ്ഞ പരാമർശങ്ങൾ നടത്തുന്നു.

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുവാൻ വലിയ ഒരു ടീം തന്നെയുണ്ട്. ഇതേപോലെയുള്ള അധിക്ഷേപകരമായ പരാമർശങ്ങൾ വന്നാൽ അതിനെ നിയന്ത്രിക്കുവാൻ അവർക്കു കഴിയുന്നതാണ്.

എന്നാൽ മന്നത്ത് പദ്മനാഭനെ വഹേളിച്ചു കൊണ്ടും മതപരവും വംശീയവുമായി ആക്രമിച്ചു കൊണ്ടുമുള്ള കമെന്റുകൾ നിറഞ്ഞു കവിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് നിയന്ത്രിക്കുന്നവർ ചെറുവിരൽ അനക്കിയിട്ടില്ല .

ഐ പി സി 153 എ ചുമത്തി കേസെടുക്കാവുമെന്ന തരത്തിലുള്ള നിരവധി കമെന്റുകളും അതിലുണ്ട്. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ മന്നത്ത് പദ്മനാഭനെ ഇങ്ങിനെ അവഹേളിക്കുന്നതും ,അതിനെതിരെ അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് മാനേജ് ചെയ്യുന്നവർ ചെറുവിരൽ പോലും അനക്കാത്തതും പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്.
















