പത്തനംതിട്ട: സമൂഹ മാദ്ധ്യമങ്ങളിൽ ശ്രീരാമ ഭഗവാനെ അധിക്ഷേപിച്ച് പോസ്റ്റിട്ട സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പ്രതിഷേധം വ്യാപകം.നാരങ്ങാനം പഞ്ചായത്തിലെ അഞ്ചാം വാർഡ് അംഗം ആബിദ ഭായിയിക്കെതിരെയാണ് പ്രതിഷേധം ശക്തമായത്. ശ്രീരാമന്റെ ഭക്തിഗാനം ഉൾപ്പെടുത്തിക്കൊണ്ടാണ് വിദ്വേഷ വീഡിയോ ഇവർ പങ്കുവെച്ചത്. മതവിദേഷ്വത്തിന് പോലീസ് കേസ് എടുത്തതോടെ ആബിദ പോസ്റ്റ് ഡിലീറ്റ് ചെയ്തു.
ശ്രീരാമന്റെ ഭക്തിഗാനം ഉൾപ്പെടുത്തിയ വീഡിയോയിൽ അർദ്ധനഗ്‌നനായ ഒരാൾ ഓടുന്നതായി കാണാമായിരുന്നു. ‘അയോദ്ധ്യാ പ്രയാണം, ഇന്ത്യ കുതിക്കുന്നു, ഡിജിറ്റൽ യുഗത്തിലേക്കുള്ള ഓട്ടം’ എന്ന അടിക്കുറിപ്പോടെയാണ് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചത്.
നാരങ്ങാനം സ്വദേശി രതീഷാണ് പോലീസിൽ പരാതി നൽകിയത്. ഹിന്ദുമത വിശ്വാസത്തെ ഹനിക്കുന്നതാണ് വീഡിയോ എന്ന് രതീഷിന്റെ പരാതിയിൽ ചൂണ്ടിക്കാട്ടി. സംഭവം വിവാദമായതോടെ ആബിദ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്ത് മതവിദ്വേഷ പ്രചാരണം ഉദ്ദേശിച്ചില്ലെന്ന് കാണിച്ച് മറ്റൊരു കുറിപ്പ് പങ്കുവയ്‌ക്കുകയും ചെയ്തിട്ടുണ്ട്.