ചെന്നൈ: രാജ്യത്തെ പ്രതിഭാശാലികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2014-ൽ 4,000 പേറ്റന്റുകൾ രജിസ്റ്റർ ചെയ്തിരുന്നു. യുവാക്കളുടെ കഴിവും നിശ്ചയദാർഢ്യവും കൊണ്ട് ഇന്നത് 50,000 പേറ്റന്റുകളായി ഉയർന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭാരതിദാസൻ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.
ലോകത്തിന് തന്നെ മാതൃകയാകുന്ന കണ്ടുപിടുത്തങ്ങളാണ് ഭാരതത്തിലെ യുവാക്കൾ നടത്തുന്നത്. ചന്ദ്രയാൻ അടക്കമുള്ള ബഹിരാകാശ ദൗത്യങ്ങളിലൂടെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ മികവ് ആഗോളതലത്തിൽ പോലും ഇടം പിടിച്ചു. യുവത്വം ഊർജ്ജമാണ്. കഴിവുറ്റ രീതിയിലും വേഗത്തിലും പ്രവർത്തിക്കാൻ യുവാക്കൾക്ക് സാധിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യത്തെ യുവതയ്‌ക്കൊപ്പം സർക്കാരും അവർക്ക് വേണ്ടി പ്രയത്നിക്കുകയായിരുന്നു. ഒരു ലക്ഷം സ്റ്റാർട്ടപ്പുകളാണ് ഇന്ത്യയിൽ പുതുതായി ആരംഭിച്ചിട്ടുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിലും അന്താരാഷ്‌ട്രതലത്തിലും ലഭിക്കുന്ന മികച്ച അവസരങ്ങളിലൂടെ ഇന്ത്യയിലെ ചെറുപ്പക്കാർക്ക് രാജ്യത്തിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയുന്ന സമയമാണിത്. ഇന്ത്യയുടെ മുന്നോട്ടുള്ള കുതിപ്പിന് ഇത് വഴിയൊരുക്കും. നൈപുണ്യത്തെ വളർത്തിയെടുത്താൽ മാത്രമേ ഇതിന് സാധിക്കൂ. അതിവേഗം മാറ്റങ്ങൾ സംഭവിക്കുന്ന ലോകത്ത്, മാറ്റങ്ങൾ നിങ്ങളെയും നിങ്ങൾ മാറ്റങ്ങളെയും സ്വാധീനിക്കുന്നുണ്ട്.- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.