ലക്‌നൗ: ബിഎസ്പി നേതാവും മുൻമന്ത്രിയുമായ യാക്കൂബ് ഖുറേഷിയുടെ 31 കോടി രൂപയുടെ സ്വത്ത് യുപി സർക്കാർ കണ്ടുകെട്ടി. അനധികൃതമായി സമ്പാദിച്ച വസ്തുവകകളാണ് ഗുണ്ടാ നിയമപ്രകാരം പിടിച്ചെടുത്തതെന്ന് മീററ്റ് ജില്ലാ ഭരണകൂടം അറിയിച്ചു.
ഭവാനി നഗറിലെ ഒരു ആശുപത്രി കെട്ടിടവും കണ്ടുകെട്ടിയിട്ടുണ്ട്. ഇതു കൂടാതെ ഖുറേഷി തന്റെ കുടുംബാംഗങ്ങളുടെയും ജീവനക്കാരുടെയും പേരിൽ വാങ്ങിയ ആഡംബര കാറുകളും പിടിച്ചെടുത്തു. ശാസ്ത്രി നഗറിലെ മൂന്ന് പ്ലോട്ടുകളും സർക്കാരിലേക്ക് കണ്ടുകെട്ടി.
ഉത്തർപ്രദേശ് ഗ്യാങ്‌സ്റ്റർ ആക്ട്, ആന്റി സോഷ്യൽ ആക്ട് എന്നിവ പ്രകാരം
മുൻ മന്ത്രി യാക്കൂബ് ഖുറേഷിയുടെ ബിനാമി സ്വത്തുക്കൾ സർക്കാരിലേക്ക് കണ്ടുകെട്ടിയതായി സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്വാൻ പറഞ്ഞു.
2022 മാർച്ച് 31 ന് മീററ്റിലെ ഖുറേഷിയുടെ ഉടമസ്ഥതയിലുള്ള ഒരു ഇറച്ചി ഫാക്ടറിയിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. അന്ന് അനധികൃതമായി സംഭരിച്ച മാംസം പാക്ക് ചെയ്ത നിലയിൽ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ഫാക്ടറിയിലെ 10 ജീവനക്കാർ അറസ്റ്റിലായി. ഖുറേഷിയും ഭാര്യയും രണ്ട് മക്കളും ഉൾപ്പടെ 17 പേർക്കെതിരെ ഗ്യാങ്സ്റ്റർ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു.
2002 മുതൽ 2007 വരെയുള്ള കാലേയളവിൽ മീററ്റിലെ ഖാർഖൗധ മണ്ഡലത്തിൽ നിന്നുള്ള ബിഎസ്പി എംഎൽഎയായിരുന്നു ഖുറേഷി. 2007 ൽ ഉത്തർപ്രദേശ് യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (യുപിയുഡിഎഫ്) ടിക്കറ്റിൽ നിന്നാണ് നിയമസഭയിലേക്ക് എത്തിയത്. ബിഎസ്പി സർക്കാരിലും സമാജ്‌വാദി സർക്കാരിലും യാക്കൂബ് ഖുറേഷി മന്ത്രിയായിരുന്നു.















