ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്കുള്ള രാമവിഗ്രഹം തയ്യാറാക്കുന്നതിന് മുൻപ് ശിൽപി നടത്തിയ പ്രാർത്ഥനയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജേത യോഗിരാജ്. തന്റെ കൈകളിലൂടെ ഭഗവാന്റെ മുഖം തെളിയാൻ അനുഗ്രഹിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രർത്ഥന. ആറ് മാസത്തോളമാണ് അദ്ദേഹം വിഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി എടുത്തതെന്നും വിഗ്രഹ നിർമ്മാണത്തിനായി 2,000 കുട്ടികളുടെ ഫോട്ടോകളാണ് അദ്ദേഹം പരിശോധിച്ചതെന്നും ഭാര്യ പറഞ്ഞു. പലപ്പോഴും അദ്ദേഹം 48 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തിരുന്നു. വിജേത കൂട്ടിച്ചേർത്തു.
അഞ്ച് വയസ്സുള്ള ബാലകന്റെ രൂപത്തിലാണ് ഭഗവാന്റെ വിഗ്രഹം. അരുൺ യോഗിരാജ് കൃഷ്ണശിലയിൽ തീർത്ത വിഗ്രഹമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ വിഗ്രഹം, മൈസൂരിലെ 21 അടി ഹനുമാൻ വിഗ്രഹം, സുഭാഷ് ചന്ദ്രബോസിന്റെ 30 അടി ഉയരമുള്ള പ്രതിമ എന്നിവ ഒരുക്കിയത് ഇദ്ദേഹമാണ്.
അയോദ്ധ്യയിൽ സ്ഥാപിക്കുന്ന രാംലല്ലയുടെ വിഗ്രഹം എതാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവിച്ചിരുന്നില്ല. എന്നാൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിടുന്നത്. ഏറ്റവും ദൈവികത തുളുമ്പുന്ന വിഗ്രഹമാകും തിരഞ്ഞെടുക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് പറഞ്ഞിരുന്നു. മൂന്ന് വിഗ്രഹങ്ങൾ തയ്യാറായതിൽ നിന്നാണ് അരുൺ യോഗിരാജിന്റെ വിഗ്രഹം തിരഞ്ഞെടുത്തത്.