ഗർഭകാലമെന്നത് വളരെയധികം ശ്രദ്ധപുലർത്തേണ്ട സമയമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി സ്‌കാനിംഗും മരുന്നുകളും കൃത്യമായി പിന്തുടരേണ്ടതുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പോഷകാഹാരം ഉൾപ്പെടെയുള്ള മറ്റ് ചിലവുകൾ ഇതിനൊപ്പം വഹിക്കാനായെന്ന് വരില്ല. എന്നാൽ പോഷകാഹാരം കൃത്യമായി ലഭിക്കേണ്ട ഗർഭ-മുലയൂട്ടൽ കാലഘട്ടത്തിൽ ഇത് ഉറപ്പു വരുത്തുന്നതിന് അമ്മമാർക്ക് ധനസഹായം നൽകുന്ന ഒരു പദ്ധതിയുണ്ട്. കേന്ദ്രസർക്കാരിന്റെ പ്രധാനമന്ത്രി മാതൃ വയവന്ദന യോജന ഇന്ന് നിരവധി ഗർഭിണികൾക്കും അമ്മമാർക്കും താങ്ങും തണലുമാണ്.
പ്രധാനമന്ത്രി മാതൃ വയവന്ദന യോജന പദ്ധതിപ്രകാരം മൂന്ന് ഗഡുക്കളായി 5000 രൂപ വീതം അമ്മമാർക്ക് ലഭിക്കും. ആദ്യ ഇൻസ്‌റ്റോൾമെന്റ് തുക 1,000 രൂപയാണ്. ഇത് ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചതിന് ശേഷം പദ്ധതിയിൽ രജിസ്റ്റർ ചെയ്യുമ്പോൾ ഈ തുക ലഭിക്കും. രണ്ടാം ഇൻസ്റ്റാൾമെന്റ് തുക 2,000 ആണ്. ഇത് ഗർഭിണിയായി ആറ് മാസത്തിന് ശേഷം ആന്റി നേറ്റൽ ചെക്കപ്പ് പൂർത്തിയാക്കിയ ശേഷം ലഭിക്കും. മൂന്നാമത്തെ ഇൻസ്റ്റാൾമെന്റ് തുകയായ 2,000 രൂപ കുഞ്ഞ് ജനിച്ചതിന് ശേഷമാകും ലഭിക്കുക.
ആദ്യമായി കുഞ്ഞിന് ജന്മം നൽകുന്ന അമ്മമാരാണ് പദ്ധതിയ്‌ക്ക് അർഹരായവർ. ഗുണഭോക്താവിന്റെ ബാങ്ക് അല്ലെങ്കിൽ പോസ്റ്റ് ഓഫീസ് അക്കൗണ്ടിലേക്കാകും പണം എത്തുന്നത്. കേരളത്തിൽ സാമൂഹിക നീതി വകുപ്പിനാണ് പദ്ധതിയുടെ ചുമതല. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് പുറമെ സ്വകാര്യ ആശുപത്രിയിലുള്ളവർക്കും പദ്ധതിയിൽ അപേക്ഷിക്കാവുന്നതാണ്. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ സേവനം അനുഷ്ഠിക്കുന്ന ഗർഭിണികൾക്ക് ഈ ധനസഹായം ലഭിക്കില്ല.