ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരതയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരാനുറച്ച് ജമ്മു കശ്മീർ ഉന്നതതല അവലോകന യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ യോഗത്തിന്റേതാണ് തീരുമാനം. ജമ്മു കശ്മീരിലെ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനവും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യവും യോഗത്തിൽ അവലോകനം ചെയ്തു. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഭീകരവാദത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം യോഗത്തിൽ നിർദ്ദേശം നൽകി.
ഭീകരവാദ ഭീഷണി ഇല്ലാതാക്കുന്നതിനായി ജമ്മു കശ്മീരിലെ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനം യോഗം അവലോകനം ചെയ്തു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇതിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും അമിത് ഷാ ഊന്നിപ്പറഞ്ഞു. പ്രദേശത്തെ ക്രമസമാധാന നിലയിലുണ്ടായ പുരോഗതിയിൽ സുരക്ഷാ ഏജൻസികളെയും ജമ്മു കശ്മീർ ഭരണകൂടത്തെയുെം യോഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു.
നരേന്ദ്ര മോദി സർക്കാരിന് ഭീകരതയോട് സന്ധിയില്ലാത്ത സമീപനമാണുള്ളത്. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ നിയമനടപടികളും സ്വീകരിക്കണം. പ്രാദേശിക തലത്തിൽ രഹസ്യാന്വേഷണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തണം. ഭീകരവാദികൾക്ക് ലഭിക്കുന്ന പിന്തുണയും അവരുടെ വിവര സംവിധാനങ്ങളും പൂർണ്ണമായും ഇല്ലാതാക്കാൻ സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ വർഷം ആഭ്യന്തരമന്ത്രി അദ്ധ്യക്ഷനായ ഉന്നതതല യോഗത്തിൽ ഭീകരതയ്‌ക്കെതിരെ സുരക്ഷാ ഏജൻസികൾ ശക്തമായ പോരാട്ടം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.
രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കരസേനാ മേധാവി, ഐബി ഡയറക്ടർ, സിഎപിഎഫ് മേധാവികൾ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ പങ്കെടുത്തു.















