തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളും പോക്സോ കേസുകളും കൂടുന്നുവെന്ന് റിപ്പോർട്ട്. 2022-ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ നവംബർ മാസം വരെ 2,40,959 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മദ്യവും മറ്റ് ലഹരിയും മയക്കുമരുന്നുമാണ് ആക്രമങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ലൈംഗികാതിക്രമ കേസുകളും സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകളും കൂടിയിട്ടുണ്ട്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലം ഇക്കൊല്ലം റിപ്പോർട്ട് ചെയ്തത് 4,345 കേസുകളാണ്. 2022-ൽ ഇത് 4,998 ആയിരുന്നു. 8,307 തട്ടിപ്പുകേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തെങ്കിലും ഈ വർഷം നവംബർ മാസം വരെ 10,393 കേസുകളാണെടുത്തത്. തട്ടിപ്പുക്കേസുകളിൽ കുത്തനെയുള്ള വർദ്ധന വ്യക്തം. 2022-ൽ 700 വധശ്രമക്കേസുകളായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 918 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ദേഹോപ്രദവ കേസുകളിലും വർദ്ധനയുണ്ട്. 17,174 ആയിരുന്നു 2022 ൽ റിപ്പോർട്ട് ചെയ്തത്. 17,713 കേസുകളാണ് 2023 നവംബർ വരെ റിപ്പോർട്ട് ചെയ്തത്. നവകേരള സദസിന്റെ പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ ജീവൻ രക്ഷാപ്രവർത്തന കേസുകൾ കൂടി ചേരുന്നതോടെ ഈ വർഷത്തെ കേസുകളുടെ പട്ടിക ഉയരും.
കേസുകൾ കൂടുന്നുവെങ്കിലും ശിക്ഷാനിരക്ക് വളരെ കുറവാണെന്നതാണ് വസ്തുത. പ്രതിവർഷം 2000-ത്തിലേറെ പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും ശിക്ഷാനിരക്ക് 16 ശതമാനത്തിൽ താഴെയാണ്. കേസ് രജിസ്റ്റർചെയ്യുന്നതിലും തെളിവുശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം. ശിക്ഷാനിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു.