ലക്‌നൗ: ഗ്യാൻവാപി സമുച്ചത്തിൽ ശിവലിംഗം സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് ഹിന്ദു വിഭാഗം സുപ്രീം കോടതിയിൽ ഹർജി നൽകി. സമുച്ചയത്തിലെ വസുഖാനയ്‌ക്ക് സമീപമാണ് ശിവലിംഗം സ്ഥിതി ചെയ്യുന്നത്. മത്സ്യങ്ങൾ ചത്തു പൊങ്ങി ഇവിടെ നിന്നും ദുർഗന്ധം വമിക്കുകയാണെന്നും അടിയന്ത പ്രാധാന്യത്തോടെ വൃത്തിയാക്കാൻ വാരണാസി ജില്ലാ മജിസ്ട്രേറ്റിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.
ഇസ്ലാം മതവിശ്വാസികൾ നമസ്‌കരിക്കുന്നതിന് മുമ്പ് ശുദ്ധിക്രിയകൾ നടത്തുന്ന ജലസംഭരണിയാണ് വസുഖാന. 2023 ഡിസംബർ 12 നും 25 നും ഇടയിൽ ജലസംഭരണിയിലെ മത്സ്യങ്ങളും മൃഗങ്ങളും ചത്തുവെന്നും ഇതുമൂലം ദുർഗന്ധം വമിക്കുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഹിന്ദുക്കളുടെ പവിത്രമായ ശിവലിംഗം ഇപ്പോൾ ചത്ത മത്സ്യങ്ങളുടെ നടുവിലാണ്. അഴുക്കും, ചെളിയും, ചത്ത മൃഗങ്ങളേയും മാറ്റി ഉടനെ ശുദ്ധീകരിക്കണം. ശുദ്ധിയായി കാത്തുസൂക്ഷിക്കേണ്ട ശിവലിംഗത്തിന്റെ നിലവിലെ അവസ്ഥ ഭക്തരുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നും അപേക്ഷയിൽ പറയുന്നു. അഭിഭാഷകനായ വിഷ്ണു ശങ്കർ ജെയിൻ മുഖേനയാണ് ഹർജി സമർപ്പിച്ചത്.
ഗ്യാൻവാപി സമുച്ചയത്തിലെ മസ്ജിദ് നിയന്ത്രിക്കുന്ന അഞ്ജുമാൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയാണ് മത്സ്യങ്ങൾ ചത്തുപൊങ്ങിയതിന് ഉത്തരവാദികളെന്നും ഹർജിയിൽ വ്യക്തമാക്കി.
ശിവലിംഗം കണ്ടെത്തിയതിനെ തുടർന്ന് സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസുഖാന പ്രദേശം സീൽ ചെയ്തിരുന്നു. 2022 മെയ് 16 നാണ് കാശി വിശ്വനാഥ ക്ഷേത്രത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്യാൻവാപിയിൽ ശിവലിംഗം കണ്ടെത്തിയത്. കോടതിയുടെ നിർദ്ദേശപ്രകാരമായിരുന്നു സർവേ നടപടികൾ.















