രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റിന് ഒരേ സമയം എട്ട് രാജ്യങ്ങളുടെ സമയം അറിയാൻ കഴിയുന്ന വമ്പൻ ക്ലോക്ക് സമ്മാനിച്ച് ലക്നൗവിലെ വ്യാപാരി. 52-കാരനായ അനിൽകുമാർ സഹുവാണ് 75 സെന്റിമീറ്റർ വ്യാസം വരുന്ന ക്ലോക്ക് സമ്മാനിച്ചത്. ഇന്ത്യ, ദുബായ് (യുണൈറ്റഡ് അറബ് എമിറേറ്റ്സ്), ടോക്കിയോ (ജപ്പാൻ), മോസ്കോ (റഷ്യ), ബെയ്ജിംഗ് (ചൈന), സിംഗപ്പൂർ, മെക്സിക്കോ സിറ്റി (മെക്സിക്കോ), വാഷിംഗ്ടൺ ഡിസി, ന്യൂയോർക്ക് (യുഎസ്എ) എന്നിവിടങ്ങളിലെ സമയം ഒരേ സമയം ക്ലോക്കിൽ അറിയാൻ കഴിയും.
കഴിഞ്ഞ ഒക്ടോബറിൽ നവരാത്രി കാലത്താണ് സാഹു രാമക്ഷേത്രത്തിന് സമർപ്പിക്കാനായി ക്ലോക്ക് നിർമ്മാണം ആരംഭിച്ചത്. നേരത്തെ ലക്നാൗവിലെ ഖാട്ടു ശ്യാം ക്ഷേത്രം, ബരാബങ്കിയിലെ കുന്തേശ്വർ മഹാദേവിനും കോട്വാധാമിനും അദ്ദേഹം ഇത്തരം ക്ലോക്കുകൾ സമ്മാനിച്ചിരുന്നു. 2018-ലാണ് ആദ്യമായി ക്ലോക്ക് നിർമ്മിച്ച് തുടങ്ങിയതെന്ന് സാഹു പറയുന്നു. ഇന്ത്യ, ചൈന, യുഎഇ, റഷ്യ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ സമയമായിരുന്നു അന്ന് നിർമ്മിച്ച ഘടികാരത്തിൽ ഉൾപ്പെടുത്തിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റും അദ്ദേഹം സ്വന്തമാക്കിയിരുന്നു.
ഭാവിയിൽ 25 രാജ്യങ്ങളുടെ സമയം അറിയാൻ സാധിക്കുന്ന തരത്തിലുള്ള ക്ലോക്ക് നിർമ്മിക്കുകയാണ് ലക്ഷ്യമെന്ന് അനിൽകുമാർ സാഹു വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഇത്തരത്തിൽ ക്ലോക്കുകൾ നിർമിച്ച് നൽകാനും ആഗ്രഹമുള്ളതായും അദ്ദേഹം പറഞ്ഞു.