പൃഥ്വിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ക്രൂര മർദ്ദനം നേരിട്ടതായി ആരോപണം. ബൗൺസർമാർ സെറ്റിൽ ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഗുണ്ടകളെപോലെ പെരുമാറുന്നെന്നുമാണ് പരാതി ഉയർന്നിരിക്കുന്നത്. കളമശ്ശേരി എഫ്എസിടിയിലാണ് ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നടക്കുന്നത്. അവിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നം ഉണ്ടായതായി ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നത്.
ഭക്ഷണം കഴിക്കാനോ ശൗചാലയത്തിൽ പോകാനോ ബൗൺസർമാർ അനുവദിക്കുന്നില്ലെന്നാണ് ജൂനിയർ ആർട്ടിസ്റ്റുകളുടെ പരാതി. പോലീസിൽ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഈ വിഷയത്തിൽ ഇതുവരെയും പൃഥ്വിരാജ് പ്രതികരിച്ചിട്ടില്ലെന്നാണ് സൂചന. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയ്‌ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂര്‍ അമ്പലനടയില്‍.
‘ജൂനിയർ ആർട്ടിസ്റ്റിനെ പട്ടിയെപ്പോലെയാണ് അവർ കാണുന്നത്. ഉച്ച ഭക്ഷണം കഴിക്കേണ്ട സമയത്ത് പ്രൊഡക്ഷൻ ആഹാരം ശരിയാക്കി വയ്‌ക്കും. എന്നാൽ, ബൗൺസർമാർ സമ്മതിക്കില്ല. അതുപോലെ ഒന്ന് ടോയ്ലറ്റിൽ പോകാൻ പോലും അനുവദിക്കില്ല. ബൗൺസർമാരുടെ സൗകര്യത്തിന് മാത്രമേ നമുക്ക് എന്തും ചെയ്യാൻ സാധിക്കുകയുള്ളൂ.
ഞങ്ങൾ നിരവധി സെറ്റുകളിൽ ജൂനിയർ ആർട്ടിസ്റ്റായിട്ട് പോയിട്ടുണ്ട്. പക്ഷേ, ഇതുപോലൊരു സെറ്റ് ആദ്യമായിട്ടാണ് കാണുന്നത്. വളരെ അധികം ഉപദ്രവിച്ചിട്ടുണ്ട്. അക്രമാസക്തരായാണ് ഞങ്ങളോട് ഞങ്ങളോട് പെരുമാറുന്നത്. തുടർച്ചയായി 12 ദിവസമായി ഞങ്ങൾ സെറ്റിലുണ്ട്. ക്രിസ്മസിന് പോലും വീട്ടിൽ പോയിട്ടില്ല. ഞങ്ങൾക്കൊക്കെ വേറെ ജോലിയൊക്കെ ഉണ്ടെങ്കിലും സിനിമയോടുള്ള ഇഷ്ടം കാരണമാണ് ജൂനിയർ ആർട്ടിസ്റ്റായി വരുന്നത്.
പൃഥിരാജിന്റെ ഗുരുവായൂർ അമ്പലനടയിൽ എന്ന സിനിമാ ലൊക്കേഷനിലാണ് ഞങ്ങൾ. കഴിഞ്ഞ ദിവസം അവിടെ വെച്ച് ഒരു പ്രശ്നം ഉണ്ടായി, പുതുതായിട്ട് 19 വയസ്സുള്ള ഒരു ബൗൺസർ സെറ്റിൽ വന്നിട്ടുണ്ടായിരുന്നു. അയാൾ കല്ല് കൊണ്ട് ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ഇടിച്ചു. ഒരു കാരണവും ഇല്ലാതെയാണ് ജൂനിയർ ആർട്ടിസ്റ്റിനെ തല്ലിയത്. ഇത് ഞങ്ങൾ ചോദിക്കാൻ പോയിരുന്നു. പക്ഷേ, ക്രൂവിലുള്ള ബാക്കിയുള്ളവർക്ക് ഇത് ഇഷ്ടപ്പെട്ടില്ല. പ്രതികരിച്ചവർക്കെതിരെ അവർ നടപടികൾ സ്വീകരിക്കാൻ തുടങ്ങി. ആരും കാണാതെ പ്രതികരിച്ചവരുടെ ചിത്രങ്ങളെടുത്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. ഞങ്ങളോട് ഷൂട്ടിന് വരണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്.
പ്രശ്നം നടന്നപ്പോൾ പ്രതികരിച്ചു, അതിനാണ് ഇത്തരത്തിൽ ഇവർ ചെയ്യുന്നത്. ഞങ്ങളെ ലൊക്കേഷനിൽ കയറ്റാത്ത വിവരം കണ്ണൂരിലുള്ള മറ്റൊരു ജൂനിയർ ആർട്ടിസ്റ്റായ സുഹൃത്തിനോട് പറഞ്ഞു. അയാൾ ഇന്ന് ലൊക്കേഷനിൽ ഇക്കാര്യം ചോദ്യം ചെയ്തതിന് അവിടെയുള്ള മറ്റ് ബൗൺസർമാർ ചേർന്ന് മർദ്ദിച്ചു. തലയുടെ പിൻഭാഗത്താണ് അയാൾക്ക് അടി കിട്ടിയത്. ഛർദ്ദിക്കുകയും ചെയ്തു.
പോലീസിനോടും ഇക്കാര്യങ്ങൾ പറഞ്ഞു. പക്ഷെ, അവർ ഞങ്ങളെ കൂടുതലായി സപ്പോർട്ട് ചെയ്തിട്ടില്ല. അവർ കൈക്കൂലി വാങ്ങുന്നവരോടൊപ്പമല്ലേ നിൽക്കത്തുള്ളൂ. കഞ്ചാവും മയക്കുമരുന്നും ഉപയോഗിച്ച ഒരു ഗുണ്ടാ സംഘമാണ് അവിടെയുള്ളത്. ഞങ്ങൾക്ക് ഒരു വിലയും നൽകുന്നില്ല. ഞങ്ങൾ ഇത്രയും ദിവസമായി അവർ പറയുന്നത് കേട്ട് നിന്നിട്ടേയുള്ളൂ. പക്ഷേ, ബൗൺസർമാർ ഗുണ്ടായിസമാണ് നടത്തുന്നത്.’- ജൂനിയർ ആർട്ടിസ്റ്റുകൾ പറയുന്നു.















