ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 602 പേർക്കാണ് കൊറോണ ഉപവകഭേദമായ ജെഎൻ-1 റിപ്പോർട്ട് ചെയ്തത്. ഇന്നലെ അഞ്ച് മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ട് മരണം കേരളത്തിലാണ്. കർണാടക, പഞ്ചാബ്, തമിഴ്നാട് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരണത്തിന് കീഴടങ്ങിയത്.
നിലവിൽ 4,440 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും അധികം പേർ രോഗബാധിതരായിട്ടുള്ളത് കർണാടകയിലാണ്. 199 കേസുകളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. രണ്ടാമത് കേരളമാണ്. 148 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. ഗോവയിൽ 47 കേസുകൾ, ഗുജറാത്തിൽ 36, മഹാരാഷ്‌ട്രയിൽ 32, തമിഴ്നാട്ടിൽ 26 പേർ, ഡൽഹിയിൽ 15 പേർ, രാജസ്ഥാനിൽ നാല് പേരും, തെലങ്കാനയിൽ രണ്ട് പേരും ഒഡീഷയിലും രാജസ്ഥാനിലും ഓരോരുത്തരും ഇന്നലെ കോവിഡ് പോസറ്റീവായി.
രാജ്യത്ത് കഴിഞ്ഞ ഓഗസ്റ്റിലാണ് ജെഎൻ 1 ഉപവകഭേദം ആദ്യമായി കണ്ടെത്തിയത്. ഒമിക്രോണിന്റെ ഉപ വകഭേദമായ ബിഎ.2.86ൽ നിന്നാണ് ഇത് രൂപപ്പെട്ടത്. എന്നാൽ പുതിയ വകഭേദം കാര്യമായ ഭീഷണി ഉയർത്തുമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സാധാരണ കോവിഡ് ലക്ഷണങ്ങൾക്ക് പുറമേ മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ട വേദന, ശബ്ദം അടയൽ, വയറിളക്കം എന്നിവയും ജെഎൻ.1 ബാധിതരിൽ പ്രകടമായേക്കാം.