വയനാട്: മാനന്തവാടിയിൽ വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. മലപ്പുറം സ്വദേശികളായ മുഹമ്മദ് ജിഹാദ്, അബ്ദുൾ സലാം എന്നിവരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. 51.64 ഗ്രാം എംഡിഎംഎയാണ് ഇവരിൽ നിന്നും പിടികൂടിയത്.
പുതുവത്സരാഘോഷം കണക്കിലെടുത്ത് ജില്ലയിൽ പോലീസും എക്സൈസും പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസമാണ് ഇരുവരെയും പിടികൂടുന്നത്. പോലീസ് വാഹന പരിശോധനക്കിടെ ബൈക്കിൽ എത്തിയ യുവാക്കൾ പോലീസിനെ കണ്ടതോടെ പരിഭ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് ചോദ്യം ചെയ്തതോടെയാണ് ബാഗിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തിയത്.
മാനന്തവാടി സബ് ഇൻസ്പെക്ടർ കെ.കെ സോബിന്റെ നേതൃത്വത്തിൽ മാനന്തവാടി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. കോടതിയിൽ ഹാജരാക്കിയ യുവാക്കളെ റിമാൻഡ് ചെയ്തു.















