ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഓസ്‌ലറിന്റെ ട്രെയിലർ പുറത്തിറങ്ങി. ആരാധകരുടെ ഊഹങ്ങൾ വെറുതെയായില്ല എന്നതാണ് ട്രെയിലർ നൽകുന്ന സൂചന.
ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്നാണ് ട്രെയിലറിൽ നിന്നും മനസിലാകുന്നത്. ഇതേ സംബന്ധിച്ച് മുൻപും വാർത്തകൾ വന്നിരുന്നു. എന്നാൽ അണിയറപ്രവർത്തകർ മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിരുന്നില്ല.
ഇപ്പോഴിതാ ട്രെയിലർ അവസാനിക്കുന്നത് മമ്മൂട്ടിയുടെ ശബ്ദത്തിലൂടെയാണ്. ഇതിലൂടെ താരം ചിത്രത്തിലെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്. ‘ഒരു ഡെവിൾസ് ഓൾട്ടർനേറ്റീവ്’ എന്ന ഡയലോഗാണ് മമ്മൂട്ടി പറയുന്നത്. ജയറാം- മമ്മൂട്ടി കോംമ്പോ ചിത്രത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.
അഞ്ചാംപാതിരക്ക് ശേഷം മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ഓസ്ലറിലൂടെ ജയറാമിന്റെ ഗംഭീര തിരിച്ചു വരവ് പ്രതീക്ഷിക്കുകയാണ് ആരാധകർ. ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെട്ട ചിത്രം ജനുവരി 11-നാണ് പ്രദർശനത്തിനെത്തുന്നത്.
ദുരൂഹതകൾ നിറഞ്ഞ ഒരു മരണത്തിന്റെ അന്വേഷണം നടത്തുന്ന ഡിസിപി അബ്രഹാം ഓസ്‌ലറായിട്ടാണ് ജയറാം ചിത്രത്തിൽ എത്തുന്നത്. അർജുൻ അശോകൻ, അനശ്വര രാജൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും. ഡോ. രൺധീർ കൃഷ്ണനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം നിർവഹിക്കുന്നത് മിഥുൻ മുകുന്ദൻ, ഛായാഗ്രഹണം തേനി ഈശ്വർ.















