രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ആവശ്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കൂടുതൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റാനായി ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റാണ് ജിസാറ്റ്-20. ഈ വർഷത്തിൽ തന്നെ ഇതിന്റെ വിക്ഷേപണം ഉണ്ടാകുമെന്ന സുപ്രധാന പ്രഖ്യാപനമാണ് പുറത്തുവന്നിട്ടുള്ളത്.
വിക്ഷേപണത്തിനൊപ്പം പുതു ചരിത്രവും രചിക്കപ്പെടുകയാണ്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റാകും ഇന്ത്യയുടെ ഉപഗ്രഹവുമായി കുതിക്കുക. ചരിത്രത്തിലാദ്യമായാണ് യുഎസ് ലോഞ്ചറിന്റെ ചിറകിൽ ഇന്ത്യൻ സാറ്റ്ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. വിക്ഷേപണ പങ്കാളിത്ത മേഖലയിൽ ഇന്ത്യയുമായി കൈകോർക്കുകയാണ് അമേരിക്കയും സ്പേസ് എക്സും.
ജിസാറ്റ് 24 പുനർനാമകരണം ചെയ്തതാണ് ജിസാറ്റ് 20. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്ഐഎൽ) ആണ് ഉപഗ്രഹം വികസിപ്പിച്ചത്. കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദൗത്യമാകും ഇത്. 4,700 കിലോഗ്രാം ഭാരമാണ് ജിസാറ്റ്-20 നുള്ളത്. 32 ബീമുകളിൽ 48 ജിബിപിഎസ് കപ്പാസിറ്റി നൽകാൻ ഇതിന് സാധിക്കും. നഗര ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20-ന് കഴിയുന്നു. ജമ്മു കശ്മീർ, ആൻഡമാൻ ആന്റ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വരെ സുഗമമായ കണക്റ്റിവിറ്റി എത്തും. ബ്രോർഡ് ഇന്റർനെറ്റ് മേഖലയിലെ വമ്പന്മാരായ സ്റ്റാർ ലിങ്ക്, വൺവെബ് എന്നിവരുമായാകും ജിസാറ്റ് -20 ഏറ്റുമുട്ടുക.