എറണാകുളം: അങ്കമാലി സഹകരണ അർബൻ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നെന്ന് പരാതി. ബാങ്ക് ഭരണസമിതി, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വ്യാജ ലോണിന്റെ മറവിൽ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. ബാങ്കിലെ നിക്ഷേപകരും ലോണെടുക്കാതെ ബാധ്യതയിലായവരുമാണ് തട്ടിപ്പിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇവരുടെ പരാതിയിൽ സഹകരണ വകുപ്പ് അന്വേഷണം തുടങ്ങി.
പീച്ചാനിക്കാട് സ്വദേശി പ്രവീണിനാണ് വായ്പയെടുത്ത 25 ലക്ഷം രൂപ ഉടൻ തിരിച്ചടയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്കിൽ നിന്ന് നോട്ടീസ് വന്നത്. 20 വർഷം മുമ്പുണ്ടായ അപകടത്തെ തുടർന്ന് അരക്ക് താഴെ തളർന്ന് കിടപ്പിലായ ഇയാൾ അങ്കമാലി സഹകരണ അർബൻ ബാങ്ക് ഇതുവരെയും കണ്ടിട്ടില്ല. ഇതിന് പിന്നാലെയാണ് കുടുംബത്തിലുള്ള മറ്റുള്ളവർക്കും വായ്പ തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത്. 1 കോടി രൂപയാണ് വായ്പയിനത്തിൽ പ്രവീണിന്റെ കുടുംബം ബാങ്കിൽ അടയ്‌ക്കേണ്ടത്.
പ്രവീണിനെ കൂടാതെ 400-ൽ അധികം വ്യക്തികൾക്കാണ് ബാങ്കിൽ നിന്ന് വായ്പ തിരിച്ചടയ്‌ക്കാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗം പേരും ഇത് വരെ ബാങ്കിൽ പോകുകയോ ലോണിന് അപേക്ഷിക്കാത്തവരോ ആണ്. വ്യാജ ഒപ്പും രേഖകളും ഉപയോഗിച്ച് കോൺഗ്രസ് ഭരണ സമിതിയും ഉദ്യോഗസ്ഥരും ചേർന്നാണ് ഈ തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. നിക്ഷേപകരുടെ പണത്തിലും തിരിമറി നടന്നിട്ടുണ്ട്.















