ന്യൂഡൽഹി: അന്വേഷണ എജൻസികളിൽ നിന്നും ഒളിച്ചൊടുന്ന അരവിന്ദ് കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ചേദ്വ. ഇഡി അറസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് പറഞ്ഞ് രാവിലെ മുതൽ എഎപി ബഹളം വെക്കുകയാണ്. രാവിലെ മുതൽ ‘ചോരോ കി ബരാത്ത്’ (കള്ളന്മാരുടെ ഘോഷയാത്ര)യാണ് കാണുന്നത്. അഴിമതി നടത്തിയ കെജ്‌രിവാൾ അന്വേഷണ ഏജൻസിയിൽ നിന്ന് ഓടിയൊളിക്കുകയാണ്.
മൂന്ന് തവണ ഇഡി വിളിപ്പിച്ചെങ്കിലും ഹാജരായില്ല. എന്നിട്ട് ഇപ്പോൾ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് വിലപിക്കുന്നു. നിയമങ്ങൾ പാലിക്കേണ്ടത് കെജ്‌രിവാളിന്റെ ഉത്തരവാദിത്തമാണ്, പക്ഷേ അദ്ദേഹം അത് പാലിക്കുന്നില്ല, വീരേന്ദ്ര സച്ചേദ്വ വിമർശിച്ചു. സത്യസന്ധനാണെങ്കിൽ തെളിവുകൾ സഹിതം ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്നും അദ്ദേഹം പറഞ്ഞു.
മദ്യനയ അഴിമതിക്കേസിൽ ചോദ്യം ചെയ്യാനായി ഇഡി മൂന്ന് തവണ വിളിപ്പിച്ചെങ്കിലും വിവിധ കാരണങ്ങൾ പറഞ്ഞ് കെജ്‌രിവാൾ ഒഴിഞ്ഞു മാറുകയായിരുന്നു.
ജനുവരി മൂന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ ഏജൻസി നോട്ടീസ് അയച്ചിരുന്നു. കഴിഞ്ഞ വർഷം നവംബർ 2നും ഡിസംബർ 21 നും കെജ്രിവാൾ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നില്ല.