തിരുവനന്തപുരം: ജെസ്നാ തിരോധാന കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സിബിഐ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. മത തീവ്രവാദ ബന്ധങ്ങൾ യാതൊന്നുമില്ലെന്നും ജെസ്‌ന മരിച്ചു എന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു.
ജസ്നയുടെ അച്ഛനെയും സുഹൃത്തിനെയും നുണ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നും കൂടുതൽ തെളിവുകളൊന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ജെസ്ന സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നില്ലായെന്നും കണ്ടെത്തിയിട്ടുണ്ട്.
ജസ്നയുടെ തിരോധാനത്തിന് ശേഷം നിരവധി സ്ഥലങ്ങളും സംസ്ഥാനങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ആത്മഹത്യ പോയിന്റുകളിലും പരിശോധന നടത്തി. എന്നിട്ടും ഒരു തെളിവും പോലീസിന് ലഭിച്ചിരുന്നില്ല.
അന്വേഷണം ഇനിയും തുടരുമെന്ന് സിബിഐ അറിയിച്ചു.
2018 മാര്‍ച്ച് 22-നാണ് ജസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് ജസ്ന. എരുമേലിയിൽ നിന്നാണ് ജസ്നയെ കാണാതാകുന്നത്. കേസിൽ ക്രൈംബ്രാഞ്ചും, കേരളാ പോലീസും നിരവധി സംഘങ്ങളായി അന്വേഷണം നടത്തിയിട്ടും ഒരു തെളിവും കണ്ടെത്താനായില്ല. തുടർന്ന് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേസ് സിബിഐ ഏറ്റെടുത്തത്.















