ഭോപ്പാൽ: പെൺ സുഹൃത്തിന്റെ വളർത്തുനായയെ രക്ഷിക്കാൻ റിസർവോയറിലേക്ക് എടുത്തുചാടിയ യുവാവിന് ദാരുണാന്ത്യം. ഇയാൾ രക്ഷിക്കാൻ ശ്രമിച്ച നായ പിന്നീട് നീന്തി കരയ്‌ക്കു കയറി. ഭോപ്പാൽ എൻഐടിയിലെ ബിരുദദാരിയായ സരൾ നിഗമാണ് മരിച്ചത്. 23 വയസായിരുന്നു. രണ്ടു സുഹൃത്തുക്കൾക്കൊപ്പം പ്രഭാത സവാരിക്ക് പോയപ്പോഴായിരുന്നു സംഭവം. യുവാവ് യു.പി.എസ്.സി പരീക്ഷയുടെ തയാറെടുപ്പിലായിരുന്നു. ഭോപ്പാൽ നഗരത്തിന് 10 കിലോമീറ്റർ അകലെയുള്ള കെർവ ഡാമിന് സമീപത്തെ ജംഗിൾ ക്യാമ്പിന് സമീപമായിരുന്നു അപകടം. രാവിലെ 7.30ന് രണ്ട് സ്ത്രീ സുഹൃത്തുക്കളോടൊപ്പം പ്രഭാത സവാരിക്ക് പോയപ്പോൾ ഇവർക്കൊപ്പം വനിത സുഹൃത്തിന്റെ വളർത്തുനായയുമുണ്ടായിരുന്നു.
8.30 ഓടെ മൂവരും അണക്കെട്ടിന് താഴെയുള്ള ജലാശയത്തിന് അരികിലൂടെ നടക്കുന്നതിനിടെ നായ വെള്ളത്തിൽ വീണു. ഇവർ നായയെ കരയ്‌ക്കു കയറ്റാൻ കൈകൾ കോർത്ത് വെള്ളത്തിലിറങ്ങി. ഇതിനിടെ സരൾ കാൽവഴുതി റിസർവോയറിന്റെ ആഴത്തിലേക്ക് പതിക്കുകയായിരുന്നു. കരയ്‌ക്കുകയറിയ പെൺകുട്ടികൾ നിലവിളിച്ചുകൊണ്ട് റോഡിലേക്ക് പാഞ്ഞ് വാച്ച്മാനെ വിവരമറിയിച്ചു. ഇയാളെത്തി തെരച്ചിൽ നടത്തിയെങ്കിലും സരൾ മുങ്ങിപ്പോയിരുന്നു.
ഉടൻ റാത്തിബാദ് പൊലീസിസും മുങ്ങൽ വിദഗ്ധരും എസ്ഡിഇആർഎഫും ചേർന്ന് ഒരു മണിക്കൂറോളം നടത്തിയ തെരച്ചിലിലാണ് യുവാവിന്റെ മൃതദേഹം 15 അടി ആഴത്തിൽ നിന്ന് കണ്ടെത്തിയത്. സരളിന്റെ പിതാവ് സുധീർ നിഗം ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പലായി വിരമിച്ചയാളാണ്. സരളിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം പ്രഖ്യാപിച്ചു.















