തൃശൂർ: കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വികസിത് ഭാരത് സങ്കല്‍പ് യാത്ര തൃശൂരിൽ നടന്നു. ചാലക്കുടി ബ്ലോക്കിലെ പരിയാരം ഗ്രാമ പഞ്ചായത്തിലാണ് വികസിത് സങ്കൽപ്പ് യാത്രയുടെ 51-ാമത് പര്യടനം നടന്നത്.
പരിയാരം പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടി ചാലക്കുടി ബ്ലോക്ക് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി കൺവീനർ കിഷോർ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി വിവിധ വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് ഉജ്ജ്വല യോജനക്ക് കീഴിൽ ഗ്യാസ് കണക്ഷൻ, പോസ്റ്റൽ പദ്ധതികൾ എന്നിവയുടെ വിതരണം നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ വിവിധ സാമൂഹിക സുരക്ഷാ പദ്ധതികളിൽ പേര് ചേർക്കുന്നതിനുള്ള സൗകര്യവും യാത്രയിൽ ഒരുക്കിയിരുന്നു. ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ, തൃശൂർ കനറാ ബാങ്ക്, ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഡയറക്ടർ കൃഷ്ണ മോഹൻ, കൃഷി വിജ്ഞാനകേന്ദ്രം അസിസ്റ്റന്റ് പ്രൊഫസർ അമ്പിളി തുടങ്ങിയ നിരവധി പേർ പങ്കെടുത്തു.















