കാബൂൾ: മോശപ്പെട്ട രീതിയിൽ ഹിജാബ് ധരിച്ചെന്നാരോപിച്ച് അഫ്ഗാനിസ്ഥാനിൽ പലയിടങ്ങളിൽ നിന്നായി സ്ത്രീകളെ അറസ്റ്റ് ചെയ്ത് താലിബാൻ. അഫ്ഗാൻ സ്ത്രീകൾ താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ നിയമങ്ങൾ പാലിക്കാത്തതിന്റെ പേരിലാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്. താലിബാൻ എത്ര സ്ത്രീകളെയാണ് അറസ്റ്റ് ചെയ്തതെന്നോ ഇവർക്കെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നോ ഇതുവരെയും വ്യക്തമല്ല. അന്താരാഷ്‌ട്രവാർത്താ ഏജൻസിയായ എപിയോടാണ് താലിബാൻ വക്താവ് ഇക്കാര്യങ്ങൾ പറഞ്ഞത്.
ഇതിനോടകം തന്നെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് വിദ്യാഭ്യാസം,തൊഴിൽ, പൊതു ഇടങ്ങളിലെ പ്രവേശനം എന്നിവയ്‌ക്കെല്ലാം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് താലിബാൻ സർക്കാർ സ്ത്രീകൾക്കെതിരെ പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്. 2022-മേയിലായിരുന്നു സ്ത്രീകൾ കണ്ണ് മാത്രം കാണുന്ന തരത്തിൽ ബുർഖ ധരിക്കണമെന്ന് അറിയിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ, മുഴുവൻ സ്ത്രീകളും താലിബാന്റെ മനുഷ്യത്വരഹിതമായ ഉത്തരവ് അനുസരിച്ചിരുന്നില്ല. ഇതിനെ തുടർന്നാണ് സ്ത്രീകൾ മോശപ്പെട്ട രീതിയിൽ ഹിജാബ് ധരിക്കുന്നെന്ന് ആരോപിച്ച് അറസ്റ്റിലേക്ക് കടന്നിരിക്കുന്നത്.
മോശപ്പെട്ട രീതിയിലെ ഹിജാബ് എന്താണെന്ന് താലിബാൻ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. താലിബാൻ അധികാരമേറ്റത് മുതൽ ഇസ്ലാമിക മൂല്യങ്ങളും ആചാരങ്ങളും ലംഘിക്കരുതെന്ന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, ചില സ്ത്രീകൾ മന്ത്രാലയത്തിന്റെ ഉത്തരവുകൾ പാലിക്കാത്തതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്നും താലിബാൻ വക്താവ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾ ഇനിയും ഇസ്ലാമിക ആചാരങ്ങൾ ലംഘിച്ചാൽ അറസ്റ്റ് രേഖപ്പെടുത്താനുമാണ് തീരുമാനമെന്നും താലിബാൻ അറിയിച്ചു. ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അഫ്ഗാനിസ്ഥാന്റെ അയൽ രാജ്യമായ ഇറാഖിലും സമാനമായ രീതിയാണ് നടക്കുന്നത്.















