തൃശൂർ: തുമ്പൂർ സർവ്വീസ് സഹകരണ ബാങ്ക് തട്ടിപ്പിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൂന്നരക്കോടി രൂപയുടെ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. വ്യാജ ആധാർ ഈടായി നൽകി ബാങ്ക് ഭരണസമിതിയുടെ സഹായത്തോടെയായിരുന്നു ക്രമക്കേട്.
മുൻ ബാങ്ക് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ ജോണിയുടെ ഭരണകാലത്താണ് ബാങ്കിൽ തട്ടിപ്പ് നടന്നിരിക്കുന്നതെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു. സഹകാരിയായ അൻവറായിരുന്നു തട്ടിപ്പ് സംബന്ധിച്ച് പരാതി നൽകിയത്. ഇതിനെ തുടർന്ന് കരുവന്നൂർ മാതൃകയിലുള്ള തട്ടിപ്പ് വിവരങ്ങൾ പുറത്തുവരികയായിരുന്നു. ഒരേ ഭൂമി ഈടായി കാണിച്ച് ഏഴ് പേരാണ് ബാങ്കിൽ നിന്ന് വായ്പയെടുത്തത്. ഇത്തരത്തിൽ ഒരു കോടി 70 ലക്ഷം രൂപൃ വായ്പ അനുവദിച്ചിട്ടുണ്ട്. ഭൂവുമടമ അറിയാതെയായിരുന്നു ഭൂമി ഈടായി വച്ചിരുന്നത്. ഇതിന് പിന്തുണ നൽകിയത് ബാങ്ക് ഭരണസമിതിയായിരുന്നു.
താനറിയാതെ തന്റെ ഭൂമി മറ്റ് ചിലർ പണയപ്പെടുത്തിയെന്ന് തിരിച്ചറിഞ്ഞ ഭൂവുടമ റെജി, കൊടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. സമാനമായ നിരവധി ക്രമക്കേടുകൾ ബാങ്കിൽ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഏഴ് പേരെ പ്രതിയാക്കി ആളൂർ പോലീസ് എടുത്ത കേസിലായിണ് നിലവിൽ ഇഡി നടപടി കടുപ്പിച്ചിരിക്കുന്നത്. മുൻ ഭരണസമിതി അംഗങ്ങളെ അടക്കം ഇഡി ചോദ്യം ചെയ്‌തേക്കും.














