ന്യൂഡൽഹി: ബിജെപി ടിക്കറ്റിൽ മത്സരിക്കണമെന്ന് വെല്ലുവിളിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ടിന് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വെല്ലുവിളിക്കുന്ന വൃന്ദ കാരാട്ട് എന്നെങ്കിലും തിരഞ്ഞടുപ്പിൽ മത്സരിച്ചിട്ടുണ്ടോയെന്ന് ഗവർണർ തുറന്നടിച്ചു. ഇത്തരം കാര്യങ്ങൾ താൻ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അർഹിക്കുന്ന അവജ്ഞയോടെ പരാമർശത്തെ തള്ളി കളയുന്നതായും ഗവർണർ പറഞ്ഞു.
നിയമപരമായ കർത്തവ്യമാണ് താൻ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.സർക്കാർ ക്രിസ്മസ്-പുതുവത്സര വിരുന്നിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ എന്തുകൊണ്ട് താൻ പോകാതിരുന്നതെന്ന് അന്വേഷിക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുമായി ഭിന്നതയില്ല. ഗവർണറോട് ചോദ്യങ്ങൾ ചോദിക്കുന്നത് പോലെ തന്നെ മുഖ്യമന്ത്രിയോടും ചോദ്യങ്ങൾ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗവർണർക്ക് തന്റെ രാഷ്‌ട്രീയ ശക്തി തിരിച്ചറിയാൻ ആഗ്രഹമുണ്ടെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നായിരുന്നു വൃന്ദ കാരാട്ടിന്റെ വെല്ലുവിളി. പ്രസ്താവനകൾ നടത്തി ഗവർണർ പദവിക്ക് അപമാനം ഉണ്ടാക്കാതെ , മുഖ്യമന്ത്രിയുമായുള്ള വ്യത്യാസങ്ങൾ പരിഹരിക്കണമെന്നും സിപിഐ നേതാവ് ഉപദേശം നൽകിയിരുന്നു.