ചെന്നൈ : നടൻ വിജയ്ക്ക് നേരെ ചെരുപ്പ് എറിഞ്ഞ സംഭവത്തിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിജയ് പീപ്പിൾസ് മൂവ്‌മെന്റ് സൗത്ത് ചെന്നൈ ജില്ലാ പ്രസിഡന്റ് അപ്പുനു ഇന്നലെ കോയമ്പേട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
നടൻ വിജയകാന്ത് അന്തരിച്ചപ്പോൾ അന്ന് രാത്രി പത്തരയോടെ നടൻ വിജയ് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയ നടൻ വിജയ്ക്ക് നേരെ ആണ് അജ്ഞാതൻ ചെരുപ്പ് എറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. തിരക്കിനിടയിലൂടെ തന്റെ വാഹനത്തിലേയ്‌ക്ക് പോവുകയായിരുന്ന വിജയ്‌യുടെ തലയിലേയ്‌ക്ക് ചെരുപ്പ് വീഴുന്നത് വീഡിയോയിൽ കാണാനാകും. സംഭവത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
ചെന്നൈയിലെ ഡിഎംഡികെ ആസ്ഥാനത്ത് നടന്ന പൊതുദർശന ചടങ്ങിലാണ് പ്രിയ ക്യാപ്റ്റനെ കാണാൻ വിജയ് എത്തിയത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയെയും മക്കളായ വിജയ പ്രഭാകരൻ, ഷൺമുഖ പാണ്ഡ്യൻ എന്നിവരെയും കണ്ട് അദ്ദേഹം അനുശോചനം അറിയിച്ചു.
ഈ പ്രവൃത്തിയിൽ ഉൾപ്പെട്ടയാളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണം. ഹർജിയിൽ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ കോയമ്പേട് പോലീസ് അന്വേഷണം നടത്തിവരികയാണ്.
വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്എ ചന്ദ്രശേഖറുമായി വിജയകാന്ത് പലപ്പോഴും സഹകരിച്ചു പ്രവർത്തിച്ചിരുന്നു. ഇരുവരും ഒരുമിച്ച സിനിമകൾ വിജയകരമായ സംരംഭങ്ങളായിരുന്നു. ‘നാളയ തീർപ്പ്’ എന്ന ചിത്രത്തിലൂടെ വിജയ് അരങ്ങേറ്റം കുറിച്ചപ്പോൾ അത് വലിയ പരാജയമായി മാറി. തന്റെ മകന്റെ സിനിമാ ഭാവി മികച്ചതാക്കാനായി അവനൊപ്പം ഒരു സിനിമയിൽ അഭിനയിക്കണമെന്ന് ചന്ദ്രശേഖർ വിജയകാന്തിനോട് അപേക്ഷിക്കുകയായിരുന്നു . വിജയകാന്ത് യാതൊരു മടിയുമില്ലാതെ ആ അപേക്ഷ സ്വീകരിച്ച് വിജയ്‌ക്കൊപ്പം അഭിനയിച്ചു. ആ ചിത്രമാണ് വിജയ്‌യുടെ കരിയറിലെ ആദ്യ ഹിറ്റായ ‘സിന്ദൂരപാണ്ടി’.
‘വിജയകാന്ത് വിജയ്‌ക്ക് ചെയ്തത് വലിയ സഹായമാണ്, അത് ചെയ്തില്ലെങ്കിൽ വിജയ് ഇവിടെ ഉണ്ടാകില്ലായിരുന്നു’വെന്ന് വിജയകാന്തിന്റെ സിനിമാ ജീവിതത്തിന്റെ നാല്പതാം വാർഷികാഘോഷപരിപാടിയിൽ എസ്എ ചന്ദ്രശേഖർ പറഞ്ഞിട്ടുണ്ട്.















