എറണാകുളം: ഡിജിപിയുടെ വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിതിൻ രാജ്, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് ഹൈക്കോടതിയുടെ പരിരക്ഷ. ചോദ്യം ചെയ്യലിന് ഹാജരായാൽ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്ന മാദ്ധ്യമപ്രവർത്തകരുടെ ആശങ്ക കോടതി ശരിവെച്ചു. ഇവർക്ക് ഇടക്കാല ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസുമായി ബന്ധപ്പെട്ട് മ്യൂസിയം പോലീസ് മൂന്നു പേരെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഹാജരായാൽ അറസ്റ്റിന് സാധ്യതയുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യം വേണമെന്നും കാണിച്ച് അഡ്വ. വി. സജിത് കുമാർ മുഖേന മാദ്ധ്യമപ്രവർത്തകർ നൽകിയ ഹർജിയിലാണ്, കോടതിയുടെ നിർണായക ഇടപെടൽ.
ഒരാഴ്ചയ്‌ക്കുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, അതിനു ശേഷം അറസ്റ്റ് അനിവാര്യമായി വന്നാൽ അറസ്റ്റു ചെയ്ത് ഉടൻ ജാമ്യത്തിൽ വിടാനും ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് പരിരക്ഷ. ഇവർ കേസിലെ പ്രതികളല്ലെന്നും ചോദ്യം ചെയ്യാൻ നോട്ടീസ് നല്കിയിട്ടേയുള്ളുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
വണ്ടിപ്പെരിയാറിൽ പോക്‌സോ കേസിൽ ഡിവൈഎഫ്ഐ നേതാവായ പ്രതി അർജുനെ കോടതി വിട്ടയക്കാൻ ഇടയാക്കിയ പോലീസ് വീഴ്ചക്കെതിരെ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രതിഷേധം മാർച്ച് നടത്തിയിരുന്നു. മാർച്ച് നടത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്ന വീഡിയോ ജനം ടിവി പ്രക്ഷേപണം ചെയ്തിരുന്നു. ഇതിൽ പോലീസ് നടത്തിയ അതിക്രമങ്ങൾ കാണാം. ഈ വാർത്ത റിപ്പോർട്ട് ചെയ്ത ജനം ടിവി റിപ്പോർട്ടർക്കും ക്യാമറാമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കുമാണ് നോട്ടീസ് അയച്ചത്.















