ന്യൂഡൽഹി: 27 ആഴ്ച പ്രായമായ ഭ്രൂണത്തെ അലസിപ്പിക്കാൻ അനുമതി നൽകി ഡൽഹി ഹൈക്കോടതി. ഭർത്താവിന്റെ മരണത്തെ തുടർന്ന് 23-കാരിക്ക് മാനസികാഘാതം സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടർന്നാണ് കോടതിയുടെ സുപ്രധാന ഉത്തരവ്. ഹർജിക്കാരിയുടെ മാനസിക രോഗ നിർണയ റിപ്പോർട്ടും നിവേദനങ്ങളും പരിഗണിച്ച ശേഷമാണ് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് അനുമതി നൽകിയത്.
ഒക്ടോബർ ഒൻപതിനാണ് 23-കാരിയുടെ ഭർത്താവ് മരണപ്പെട്ടത്. തുടർന്ന് ഇവർ മാനസികമായി തളരുകയും കടുത്ത വിഷാദത്തിലുമായി. യുവതിയുടെ ആരോഗ്യനിലയിലുണ്ടായ മാറ്റത്തിന് പിന്നാലെയാണ് ഗർഭഛിദ്രത്തിനായി കോടതിയെ സമീപിച്ചത്. ഹർജിക്കാരിക്ക് ഗർഭഛിദ്രം നടത്താനുള്ള സാഹചര്യമുണ്ടോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു.
യുവതി മാനസികമായി തളർന്നതായി മെഡിക്കൽ ബോർഡ് കണ്ടെത്തി. കടുത്ത വിഷാദത്തിനൊപ്പം ആത്മഹത്യ പ്രവണതയുമുണ്ട്. മാനസിക നിലയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഗർഭസ്ഥ ശിശുവിനും അപകടമാണെന്നും കുഞ്ഞ് ജനിച്ചാൽ കുഞ്ഞിന്റെ ജീവന് തന്നെ ഭീഷണിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് കോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയത്.
ഡൽഹി എയിംസിൽ ഗർഭഛിദ്രം നടത്താമെന്നും കോടതി വിധിച്ചു. കേസിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഉത്തരവെന്നും ഇത് മാതൃകയായി കാണേണ്ടതില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. നിലവിൽ എയിംസിലെ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിൽ ചികിത്സയിലാണ് 23-കാരി.