ന്യൂഡൽഹി: ഡൽഹി വ്യാജമരുന്ന് കുംഭകോണം സിബിഐക്ക് വിടാൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകി. ആം ആദ്മി സർക്കാരിന്റെ കീഴിലുള്ള മൊഹല്ല ക്ലിനിക്കുകളിൽ നിന്ന് രോഗികൾക്ക് ഗുണനിലവാരമില്ലാത്ത മരുന്നുകളാണ് വിതരണം ചെയ്തതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. തുടർന്നാണ് ഡൽഹി ലെഫ്റ്റനന്റ ഗവർണർ വി കെ സക്‌സേന സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന് കത്ത് നൽകിയത്.
ഡൽഹിയിലെ മൂന്ന് പ്രമുഖ സർക്കാർ ആശുപത്രികളിൽ നിന്നുള്ള സാമ്പിളുകളാണ് അംഗീകൃത ഡ്രഗ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഡൽഹി സർക്കാരിന്റെ ആരോഗ്യ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ പ്രൊക്യുർമെന്റ് ഏജൻസിയാണ് ആശുപത്രികളിലേക്ക് മരുന്നുകൾ വിതരണം ചെയ്തിരുന്നത്.
ഇതു കൂടാതെ മൊഹല്ല ക്ലിനിക്കുകൾ വഴി വ്യാജ റേഡിയോളജി, പാത്തോളജി പരിശോധനകൾ നടത്തി സ്വകാര്യ ലാബുകൾ നേട്ടമുണ്ടാക്കിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇതും സിബിഐ അന്വേഷണത്തിന്റെ പരിധിയിൽ വരും. വ്യാജ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ഇല്ലാത്ത രോഗികളുടെ പേര് രജിസ്റ്റർ ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. പാവപ്പെട്ട രോഗികൾക്ക് സർക്കാർ ചെലവിൽ സ്വകാര്യ ലാബിൽ പരിശോധന അനുവദിച്ചിരുന്നു. ഇതിന്റെ മറവിലാണ് വ്യാജ രോഗികളെ സൃഷ്ടിച്ച് പണം തട്ടിയത്. ഇത്തരത്തിൽ പതിനായിരക്കണക്കിന് വ്യാജരോഗികളും വ്യാജപരിശോധനും മൊഹല്ല ക്ലിനിക്കുകളിൽ സൃഷ്ടിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു.















