മിക്ക ആളുകളുടെയും വീട്ടിൽ ആവശ്യത്തിനും ആവശ്യം ഇല്ലാതെയും കരുതിയിരിക്കുന്ന ഒന്നാണ് പാരസെറ്റാമോൾ ഗുളികകൾ. ചെറിയൊരു പനിയോ, തലവേദനയോ വരുമ്പോൾ ആദ്യം നമ്മുടെ കൈകൾ തിരയുക പാരസെറ്റാമോളിലേക്ക് തന്നെയായിരിക്കും. ഇതു കഴിച്ചില്ലെങ്കിൽ ഒട്ടുമിക്ക രോഗങ്ങളും മാറില്ലെന്ന ഒരു ധാരണയാണ് നമ്മിൽ പലർക്കുമുള്ളത്. എന്നാൽ ദിനവും പാരസെറ്റാമോൾ ഗുളികകൾ കഴിക്കുകയാണെങ്കിൽ ചെറിയ രോഗങ്ങൾക്കു പകരം മാരകരോഗങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. അറിയാം..
മറ്റേതു മരുന്നുകളെയും പോലെ തന്നെ പാരസെറ്റാമോളിനും ദോഷങ്ങളേറെയാണ്. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരമല്ലാതെ ഏതൊരു രോഗത്തിനും പാരസെറ്റാമോൾ കഴിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ തകരാറിലാക്കുമെന്ന് പഠനങ്ങൾ പറയുന്നു. ദിവസവും പാരസെറ്റാമോൾ കഴിക്കുന്നവരിൽ മരണസാധ്യത കൂടുതലാണെന്നാണ് പഠങ്ങൾ പറയുന്നത്. ഇതിനുപുറമെ ഇതിന്റെ അമിത ഉപയോഗം വൃക്ക, ഹൃദയം, കുടലുകൾ എന്നിവയുടെ പ്രവർത്തനവും തകരാറിലാക്കുന്നു. മരുന്നുകളുടെ ഡോസ് അമിതമാകുമ്പോൾ അവ അപകട സാധ്യതയും വർദ്ധിപ്പിക്കുന്നുവെന്ന് വിദഗ്ധർ പറയുന്നു. തലവേദനയോ, പനിയോ വരുമെന്ന് കരുതി പാരസെറ്റാമോൾ മെഡിക്കൽ സ്‌റ്റോറിൽ പോയി വാങ്ങിച്ചു വച്ച് പിന്നീട് ചെറിയ ഒരു തുമ്മൽ വരുമ്പോൾ പോലും അതു കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് മനസിലാക്കുക. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം മാത്രം മരുന്നുകൾ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.















