പത്തനംതിട്ട: ഹോട്ടലുകളും പാത്രക്കടകളും അമിത വില ഈടാക്കുന്നുവെന്ന് പരാതിയുയർന്നതിന് പിന്നാലെ സന്നിധാനത്ത് കളക്ടറുടെ മിന്നൽ പരിശോധന. അയ്യപ്പഭക്തരിൽ നിന്നും അമിത വില ഈടാക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എ ഷിബു പരിശോധന ശക്തമാക്കിയത്.
പരിശോധനയിൽ സന്നിധാനത്തെ ഒരു ഹോട്ടലിൽ നിന്നും നാല് മസാല ദോശ വാങ്ങിയ അയ്യപ്പഭക്തർക്ക് 360 രൂപയുടെ ബിൽ നൽകിയതായി കണ്ടെത്തി. 228 രൂപയുടെ മസാലദോശയ്‌ക്കാണ് 360 രൂപ ബിൽ നൽകിയത്. കൂടാതെ 49 രൂപ വില വരുന്ന നെയ് റോസ്റ്റിന് 75 രൂപ ഈടാക്കിയതായും കണ്ടെത്തി. 48 രൂപയുടെ ഗ്രീൻപീസ് കറിയ്‌ക്ക് ഈടാക്കിയത് 60 രൂപയാണ്. 14 രൂപയുടെ പാലപ്പത്തിന് 20 രൂപയും 15 രൂപയുടെ പൊറോട്ടയ്‌ക്ക് 20 രൂപയും ഈടാക്കിയതായി കണ്ടെത്തി.
മസാലദോശയ്‌ക്ക് അമിതവില ഈടാക്കിയതിൽ വിശദീകരണം ചോദിച്ച കളക്ടറോട് ഹോട്ടലുടമ ദോശയ്‌ക്കൊപ്പം ചമ്മന്തികൂടി ലഭിക്കുന്നതിന് അധിക തുക നൽകണമെന്നാണ്. സംഭവത്തിന് പിന്നാലെ ഹോട്ടലിൽ നിന്നും പിഴ ഈടാക്കാനും നോട്ടീസ് നൽകാനും ജില്ലാ കളക്ടർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ഹോട്ടലുകൾക്ക് പുറമെ പാത്രക്കടകളിലും അധിക വില ഈടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. തുടർച്ചയായി രണ്ടാം ദിനമാണ് കളക്ടർ മിന്നൽ പരിശോധന തുടരുന്നത്.