എറണാകുളം: പെരിയാറിന് കുറുകെ നീന്തിക്കടന്ന് റെക്കോർഡിട്ട് അഞ്ച് വയസുകാരൻ. ആലുവ സ്വദേശി മുഹമ്മദ് കയിസാണ് പെരിയാർ നദിക്ക് കുറുകെ നീന്തി റെക്കോർഡ് സ്വന്തമാക്കിയത്. ഇതോടെ പെരിയാറിന് കുറുകെ നീന്തിയ എറ്റവും പ്രായം കുറഞ്ഞയാളായി മുഹമ്മദ് കയിസ് മാറിയിരിക്കുകയാണ്.
മണപ്പുറം മണ്ഡപം കടവിൽ നിന്ന് ദേശം കടവിലേക്ക് 780 മീറ്ററാണ് മുഹമ്മദ് നീന്തിയത്. മൂന്ന് മാസത്തെ പരിശിലനത്തിലൂടെയാണ് ഇത് സാധ്യമാക്കിയത്. കഴിഞ്ഞവർഷം പെരിയാർ നീന്തിക്കടന്ന സുധീർ-റിനുഷ ദമ്പതികളുടെ മകനാണ് യുകെജി വിദ്യാർത്ഥിയായ മുഹമ്മദ് കയിസ്.
14 വർഷമായി നീന്തൽ പരിശീലിപ്പിക്കുന്ന സജി വാളശേരിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിലാണ് മുഹമ്മദിന്റെ മിന്നും പ്രകടനം. മുങ്ങി മരണങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇനിയുള്ള തലമുറ നീന്തൽ അറിയുക എന്ന നിർദ്ദേശം മുന്നോട്ട് വച്ച് കൊണ്ടായിരുന്നു പരിപാടി നടന്നത്.















