തിരുവനന്തപുരം: പന്ത്രണ്ടാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് നാളെ തിരിതെളിയും. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ പൊതുസമ്മേളനങ്ങൾ, സെമിനാറുകൾ, ഹോമങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറും.
ഹൈന്ദവ പൈതൃകവും ആചാര അനുഷ്ഠാനങ്ങളും ഉൾപ്പെടെയുള്ള നിരവധി വിഷയങ്ങളാൽ സമ്പന്നമായിരിക്കും സമ്മേളനമെന്നും അടിയുറച്ച പൈതൃക വിശ്വാസികളായ എല്ലാ ഹൈന്ദവരും ഈ സമ്മേളനത്തിന്റെ ഭാഗമാകണമെന്നും ഹിന്ദുധർമ്മ പരിഷദ് അദ്ധ്യക്ഷൻ എം. ഗോപാൽ ആവശ്യപ്പെട്ടു. ഹൈന്ദവ ഐക്യം ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യവുമായി നടത്തപ്പെടുന്ന പൊതുസമ്മേളനങ്ങളിലും സംവാദങ്ങളിലും എല്ലാ ഹൈന്ദവ വിശ്വാസികളുടെയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജനുവരി എഴ് ഞായറാഴ്ച രാവിലെ 11 മണിയ്‌ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മി ബായിയാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. ഹിന്ദു ധർമ്മ പരിഷദ് ചെയർമാൻ ചെങ്കൽ രാജശേഖരൻ നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. മത, സാമുദായിക രംഗത്തെ പ്രമുഖർ ഉദ്ഘാടന സഭയിൽ പങ്കെടുക്കും.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, സിനിമാ താരങ്ങളായ സുരേഷ് കുമാർ, മേനക സുരേഷ്, വിവേക് ഗോപൻ തുടങ്ങിയ പ്രമുഖർ ഏഴുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവേകാനന്ദ ജയന്തിയായ ജനുവരി 12 നാണ് സമ്മേളനം സമാപിക്കുന്നത്.















