തിരുവനന്തപുരം: ഹിന്ദുധർമ്മ പരിഷത്തിന്റെ അഭിമുഖ്യത്തിൽ നടത്തുന്ന 12-ാമത് അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന് ഇന്ന് തുടക്കമാകും. പുത്തരിക്കണ്ടം മൈതാനിയിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറാണ് സമ്മേളനവേദി. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ പൊതു സമ്മേളനങ്ങൾ , സെമിനാറുകൾ, ഹോമങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ നടക്കും.
ജനുവരി 7ന് രാവിലെ 11 മണിയ്‌ക്കാണ് ഉദ്ഘാടന സഭ. എഴുത്തുകാരിയും തിരുവിതാംകൂർ രാജകുടുംബാംഗവുമായ അശ്വതി തിരുനാൾ ഗൗരിലക്ഷ്മിബായി അനന്തപുരി ഹിന്ദുമഹാസമ്മേളനം ഉദ്ഘാടനം ചെയ്യും. ഹിന്ദു ധർമ്മ പരിഷത്ത് ചെയർമാൻ ചെങ്കൽ എസ്. രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. മത, സാമുദായിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
സമ്മേളന ദിവസങ്ങളിൽ ‘ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകൻ’, ‘ആചാരം അനുഷ്ഠാനം’ , ‘ഭീകരതയുടെ അടിവേരുകൾ’, ‘കായികവും ഭാരതീയതയും’, ‘രാമായണവും ആധുനികതയും’, തുടങ്ങി വിവധ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടക്കും.
ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, സിനിമാ താരങ്ങളായ സുരേഷ് കുമാർ, മേനക സുരേഷ്, വിവേക് ഗോപൻ തുടങ്ങിയ പ്രമുഖർ ഏഴുദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കും. വിവേകാനന്ദ ജയന്തിയായ ജനുവരി 12നാണ് സമ്മേളനം അവസാനിക്കുന്നത്.















