ലക്നൗ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന വിശ്വാസികളെയും വിശിഷ്ട അതിഥികളെയും സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങൾ നടക്കുന്നു. പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി 100 ചാർട്ടേഡ് വിമാനങ്ങളാണ് അയോദ്ധ്യയിലേക്ക് സർവീസ് നടത്തുന്നത്. സുൽത്താൻപൂർ, അംബേദ്കർനഗർ, അസംഗഢ് എന്നിവിടങ്ങളിൽ എയർസ്ട്രിപ്പുകൾക്കായി സജ്ജീരണങ്ങൾ പുരോഗമിക്കുന്നുണ്ട്.
വിശിഷ്ട അതിഥികൾക്ക് യാതൊരു തടസവുമില്ലാതെ പ്രവേശിക്കാനാകും. ഇതിനായി
ക്ഷണിക്കപ്പെട്ട ഓരോ അതിഥിയുടെയും ക്ഷണത്തിൽ ഒരു ക്യുആർ കോഡ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ഓരോ വിശ്വാസികളെയും സ്വീകരിക്കാൻ അയോദ്ധ്യ അണിഞ്ഞൊരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, സർസംഘചാലക് മോഹൻ ഭാഗവത്, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്ക് പുറമെ 8000-ത്തിലധികം വിശിഷ്ട വ്യക്തികളാണ് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നത്.
ജനുവരി 21-22 തീയതികളിൽ ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതിന് പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ ക്ഷണിക്കപ്പെട്ട അതിഥികൾ, മാദ്ധ്യമപ്രവർത്തകർ, വിവാഹം, ചികിത്സാ തുടങ്ങിയ അടിയന്തര ആവശ്യക്കാർ എന്നിവരെ മാത്രമായിരിക്കും ഹോട്ടലുകളിൽ റൂം ബുക്ക് ചെയ്യാൻ അനുവദിക്കുക.















